കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന പൊലിസ് നടപടിക്കെതിരെ ആകാശ് തില്ലങ്കേരി നിയമയുദ്ധത്തിലേക്ക്. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യഹരജി റദ്ദാക്കുന്നതുമായി പൊലിസ് ഹരജിയിൽ വാദം കേൾക്കുന്നതിനായി തലശേരി മൂന്നാം അഡീഷനൽ മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് പതിനഞ്ചിലേക്ക് മാറ്റിവെച്ചു.

ജാമ്യം റദ്ദാക്കണമെന്ന മട്ടന്നൂർപൊലിസിന്റെ ഹർജിക്കെതിരെ ആകാശ് തില്ലങ്കേരിക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ മറുപടി ഹരജി നൽകിയിട്ടുണ്ട്. തലശേരി മൂന്നാം അഡീഷനൽ മജിസ്ട്രേറ്റ് കോടതിയിലാണ് ബുധനാഴ്‌ച്ച രാവിലെ ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകൻ മറുപടി ഹരജി നൽകിയത്. ആകാശ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിജാമ്യം റദ്ദാക്കണമെന്ന പൊലിസിന്റെ ഹരജി പരിഗണിക്കണമെന്ന് പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാറാണ് കോടതിയിൽ വാദിച്ചത്.

കാപ്പക്കേസ് ചുമത്തി മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ്. ദിവസങ്ങൾക്കു മുൻപാണ് ആകാശിനെയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. സി.പി. എം നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവുമായി രംഗത്തുവന്നതോടെയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പൊലിസ് നീക്കം ശക്തമാക്കാൻ തുടങ്ങിയത്.

ഷുഹൈബ് വധക്കേസിൽ സി.പി. എം നേതൃത്വത്തിന് പങ്കുണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ആരോപണം. സോഷ്യൽമീഡിയയിലൂടെ ഡി.വൈ. എഫ്. ഐ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ അവഹേളിവിച്ചുവെന്ന കേസും മട്ടന്നൂരിലെ ഡി.വൈ. എഫ്. ഐ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും ആകാശ് തില്ലങ്കേരിക്കെതിരെ കേസുണ്ട്. ഈകേസുകളിൽ മട്ടന്നൂർ കോടതിയിൽ നിന്നും ജാമ്യം നേടിയെങ്കിലും ചെറുതും വലുതുമായ പത്തോളംകേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും കാപ്പ കേസ് ചുമത്തി ജയിലിൽ അടയ്ക്കുകയായിരുന്നു.

ആകാശ് തില്ലങ്കേരി സോഷ്യൽ മീഡിയയിൽ സി.പി. എം നേതൃത്വത്തിനെതിരെ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് പാർട്ടിയെയും സർക്കാരിനെയും പ്രകോപിപ്പിച്ചത്. ഒരവസരത്തിൽ ഷുഹൈബ് വധക്കേസിൽ മാപ്പുസാക്ഷിയാകാനാണ് ആകാശ് തില്ലങ്കേരി ശ്രമിക്കുന്നതെന്ന് കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. ഷുഹൈബ് വധക്കേസിൽ സി.ബി. ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയിൽ എൺപതുലക്ഷം രൂപയോളം ചെലവാക്കി സർക്കാർ വാദിക്കുമ്പോഴാണ് ആകാശിന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന വാദവുമായി സി.പി. എം രംഗത്തുവന്നത്.

ഇപ്പോൾ കാപ്പക്കേസിൽ ജയിലിൽ കഴിയുന്ന ആകാശിന് കാരാഗൃഹമുറപ്പിക്കാനാണ് സി.പി. എമ്മും സർക്കാരും ജാമ്യം റദ്ദാക്കുന്നതിലൂടെലക്ഷ്യമിടുന്നത്. തില്ലങ്കേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സി.പി. എം സംസ്ഥാനകമ്മിറ്റിയംഗം പി.ീജയരാജനും കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജനും ഡി.വൈ. എഫ്. ഐ കേന്ദ്രകമ്മിറ്റിയംഗം എം.ഷാജറും ആകാശ് തില്ലങ്കേരിക്കെതിരെ അതിരൂക്ഷമായ വിമർശനം അഴിച്ചുവിടുകയും തള്ളിപ്പറയുകയുംചെയ്തിരുന്നു. ഇതിനു ശേഷം പാർട്ടിക്കുള്ളിലെ ചിലനേതാക്കൾക്ക് ആകാശ് തില്ലങ്കേരിയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന ആരോപണവും സി.പി. എമ്മിനെ പിടിച്ചുകുലുക്കിയിരുന്നു.