- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശവാണി പത്തനംതിട്ട: രാജ്യത്തെ എഫ്എം റേഡിയോ സ്റ്റേഷനുകളുടെ പട്ടികയിൽ പത്തനംതിട്ടയും; മറ്റ് 90 എഫ്എം സ്റ്റേഷനുകൾക്കൊപ്പം ഉദ്ഘാടനം നാളെ
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തു നിന്നും ഇനി എഫ്എം റേഡിയോ പ്രക്ഷേപണം. രാജ്യത്തെ മറ്റ് 90 പുതിയ എഫ്എം സ്റ്റേഷനുകൾക്കൊപ്പം പത്തനംതിട്ടയും നാളെ മുതൽ എയറിലാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 ന് ഉദ്ഘാടനം നിർവഹിക്കുമെന്ന് ആന്റോ ആന്റണി എം. പി അറിയിച്ചു. ഇന്ത്യയിലെ 91 എഫ് എം സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെടുന്നത്. ഇതിൽ കേരളത്തിൽ നിന്നും പത്തനംതിട്ട, കായംകുളം എന്നീ എഫ് എം സ്റ്റേഷനുകളുമുണ്ട്.
2021 ഒക്ടോബറിൽ ഇന്ത്യയിലെ ദൂരദർശന്റെ എല്ലാ റിലെ സെന്ററുകളും (അനലോഗ് ട്രാൻസ്മിറ്റർ) നിർത്തുവാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേതുടർന്ന് എംപി എന്ന നിലയിൽ പുതിയ എഫ് എം സ്റ്റേഷൻ ആയി പത്തനംതിട്ട എഫ് എം സ്റ്റേഷൻ അനുവദിക്കണമെന്ന് കേന്ദ്ര വർത്താവിതരണ മന്ത്രാലയത്തിൽ നടത്തിയ സമ്മർദ്ദം കൊണ്ട് പുതിയ എഫ് എം സ്റ്റേഷൻ പത്തനംതിട്ടക്ക് അനുവദിക്കാൻ തീരുമാനമെടുക്കുകയാണ് ഉണ്ടായതെന്ന് എംപി പറഞ്ഞു.
റേഡിയോ നിലയത്തിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, എഫ്.എം ഫ്രീക്വൻസി അനുവദിക്കൽ, ട്രാൻസ്മിറ്ററുകൾ എത്തിക്കൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തീകരിച്ച് വൈദ്യുതി കണക്ഷൻ ലഭിക്കൽ വരെയുള്ള കാര്യങ്ങളിൽ പൂർണ്ണമായും ഇടപെടുകയും ഇപ്പോൾ റേഡിയോ നിലയം ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയുമാണ്. എഫ് എം ഫ്രീക്വൻസി അനുവദിക്കുന്ന കാര്യത്തിലും, ട്രാൻസ്മിറ്ററുകൾ ലഭിക്കുന്ന കാര്യത്തിലും കാലതാമസം നേരിട്ടപ്പോൾ കേന്ദ്ര വർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസം 2022 ന് റേഡിയോ നിലയം സന്ദർശിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
101.0 മെഗാ ഹേർട്സ് ഫ്രീക്വൻസിയിലാണ് പ്രക്ഷേപണം നടത്തുന്നത്. പ്രസരണശേഷി 100 വാട്ട്സ് ആണ്. പുലർച്ചെ 5.30 മുതൽ രാത്രി 11.05 വരെയാണ് പ്രോഗ്രാമുകൾ പ്രക്ഷേപണം ചെയ്യുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ നിന്നും ലഭിക്കുന്ന പ്രോഗ്രാമുകളാണ് പത്തനംതിട്ടയിൽ നിന്നും പ്രക്ഷേപണം ചെയ്യുന്നത്.
എഫ്. എം റേഡിയോ സ്റ്റേഷൻ നേരത്തെ തന്നെ ഉദ്ഘാടനത്തിന് സജ്ജമായതായിരുന്നു. എന്നാൽ ഇന്ത്യയിലെ 91 സ്റ്റേഷനുകളും ഒരുമിച്ചു ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിനാലാണ് ഇത്രയും കാലതാമസം എടുത്തത്. പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയെന്നും എം. പി പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്