- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം ഏറ്റെടുപ്പിലെ തടസ്സങ്ങൾ നീങ്ങിയതോടെ കാര്യങ്ങളെല്ലാം വേഗത്തിൽ; ആലപ്പുഴയിൽ ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നു; മാർച്ച് 31 ന് മുൻപ് 5 കിലോമീറ്റർ ആറ് വരിയാക്കും; സമാന്തര ബൈപ്പാസിന്റെ പണിയും ഒരു വർഷത്തോടെ പൂർത്തിയാക്കും
ആലപ്പുഴ:സ്ഥലം ഏറ്റെടുപ്പിലെ തടസ്സങ്ങൾ നീങ്ങിയതോടെ ജില്ലയിൽ ദേശീയപാതാ വികസന പ്രവർത്തനങ്ങൾക്ക് വേഗതയേറി.നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി നോക്കുമ്പോൾ ജില്ലയിൽ ദേശീയപാതയിലെ 5 കിലോമീറ്റർ ഭാഗം മാർച്ച് 31നു മുൻപ് 6 വരിയാക്കും എന്നാണ് വിവരം.വിവിധ സ്ഥലങ്ങളിലായി ആദ്യം പണി പൂർത്തിയാകുന്ന ഭാഗങ്ങളാണ് ഇതിന് പരിഗണിക്കുന്നത്.ആലപ്പുഴയിലെ സമാന്തര ബൈപാസിന്റെ പണി അടുത്ത ഡിസംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്നും അധികൃതർ വിലയിരുത്തുന്നു.പണി പൂർത്തിയായാലും ഭാരപരിശോധന നടത്താൻ ഏതാനും മാസം കൂടി വേണ്ടിവരുമെന്നതിനാൽ സമാന്തര ബൈപാസിലൂടെ ഗതാഗതം എന്നു മുതലാകും ഉണ്ടാവുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടന്നുവന്നിരുന്ന സ്ഥലം ഏറ്റെടുക്കലും കെട്ടിടങ്ങൾ പൊളിക്കലും 90% പൂർത്തിയായി.സമാന്തര ബൈപാസിന്റെ തൂണുകൾ നിർമ്മിച്ചു തുടങ്ങി.അമ്പലപ്പുഴയിൽ മേൽപാലത്തിനായി പൈലിങ്ങും ആരംഭിച്ചു കഴിഞ്ഞു.തുറവൂർ അരൂർ ആകാശപ്പാത, തോട്ടപ്പള്ളിയിൽ സമാന്തര പാലം തുടങ്ങിയവയാണ് ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് തുടങ്ങാനുള്ള വലിയ നിർമ്മാണ പ്രവർത്തനങ്ങൾ.വണ്ടാനം, ഹരിപ്പാട്, ചേപ്പാട്, നങ്ങ്യാർകുളങ്ങര എന്നിവിടങ്ങളിൽ മേൽപാലം നിർമ്മിക്കും.12.75 കിലോമീറ്റർ നീളത്തിലുള്ള അരൂർ തുറവൂർ ആകാശപ്പാത രാജ്യത്തെ ഏറ്റവും വലിയ മേൽപാതയായി മാറും.
ഓഗസ്റ്റ് 5ന് ആണ് ആലപ്പുഴ സമാന്തര ബൈപാസിന്റെ പണികൾ തുടങ്ങിയത്.10 തൂണുകളുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്.സമാന്തര ബൈപാസിന്റെ ഭാഗമായ മേൽപാലത്തിന്റെ നീളം 3.43 കിലോമീറ്ററാണ്. ഇതിന് 95 സ്പാനുകളും 96 തൂണുകളുമുണ്ടാകും. കാഞ്ഞിരംചിറയിലും കുതിരപ്പന്തിയിലും റെയിൽപാതയ്ക്കു മുകളിലൂടെയാണ് ബൈപാസ് നിർമ്മിക്കുന്നത്.
ആദ്യ ബൈപാസിന്റെ നിർമ്മാണ കാലത്ത് റെയിൽപാതയ്ക്കു കുറുകെയുള്ള പണികൾക്ക് അനുമതി ലഭിക്കാൻ ഏറെ തടസ്സങ്ങളുണ്ടായിരുന്നു. സമാന്തര ബൈപാസ് കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പദ്ധതിയുടെ ഭാഗമായതിനാൽ ഇത്തവണ അത്തരത്തിലുള്ള തടസ്സങ്ങൾ ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.




