തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന വേദിയിൽ നടൻ അലൻസിയറിന്റെ പരാമർശം വിവാദമായി. സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന് നടൻ അലൻസിയർ പറഞ്ഞു. പെൺപ്രതിമ തന്ന് പ്രകോപിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു.

നല്ല ഭാരമുണ്ടായിരുന്നു അവാർഡിന്. സ്‌പെഷ്യൽ ജ്യൂറി അവാർഡാണ് ലഭിച്ചത്. എന്നാൽ തന്നേയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അത് അപേക്ഷിക്കുകയാണ്.

അർഹിക്കുന്ന കൈകളിലാണ് അവാർഡുകൾ എത്തിച്ചേരുന്നത് എന്ന് ഉറപ്പുവരുത്താൻ ഇന്ത്യയിലെ പ്രഗൽഭരെ തന്നെയാണ് മൂല്യനിർണയത്തിൻ ഏർപ്പാടാക്കിയതെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു. കേരളത്തിന്റെ കഥ എന്ന പേരിട്ട് കേരളത്തിന്റെതല്ലാത്ത കഥ ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അതിനെ സിനിമ എന്ന് വിളിക്കുന്നതുപോലും ശരിയല്ല. യഥാർത്ഥത്തിൽ അതൊരു വിഷ പ്രചരണത്തിനായുള്ള ആയുധമാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാശ്മീരിന്റെ ഫയലുകൾ എന്നുപറഞ്ഞ് വർഗീയ വിഷം പരത്തുന്ന മറ്റൊരു സിനിമയും പുറത്തിറങ്ങിയിരുന്നവെന്നും മുഖ്യമന്ത്രി വിമർശിച്ചു.