കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷപെടുത്താനിറങ്ങിയ യുവാവ് മരിച്ചു. കൊല്ലം മടത്തറ മുല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. വീടിനോട് ചേർന്നുള്ള കിണറ്റിൽ ആട് വീണത് അറിഞ്ഞ് അൽത്താഫ് അതിൽ ഇറങ്ങുകയായിരുന്നു. 60 അടി താഴ്ചയുള്ള കിണറിൽ ആടിനെ കയർ കെട്ടി പുറത്തെടുക്കാൻ ശ്രമിക്കവേ ശ്വാസതടസമുണ്ടാകുകയും തുടർന്ന് വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടയ്ക്കലിൽ നിന്ന് അഗ്‌നിശമനസേനയെത്തി കിണറ്റിലിറങ്ങി അൽത്താഫിന്റെ മൃതദേഹം പുറത്തെടുത്തു.