ഭോപ്പാല്‍ : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കേരള ടീം പരിശീലകനുമായ അമയ് ഖുറാസിയ രചിച്ച '74 വര്‍ഷങ്ങള്‍ക്ക് ശേഷം' (74 Years Later) എന്ന പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രകാശനം ചെയ്തു. ഭോപ്പാലിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ അമയ് ഖുറാസിയയുടെ മകളും പുസ്തകത്തിന്റെ സഹരചയിതാവുമായ അമയ്‌സി കീര്‍ത്തി ഖുറാസിയയും പങ്കെടുത്തു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയിലൂടെ പകര്‍ന്നുനല്‍കിയ കാലാതീതമായ ഉപദേശങ്ങളും യുദ്ധതന്ത്രങ്ങളും ആധുനിക സ്‌പോര്‍ട്‌സ് മേഖലയില്‍, പ്രത്യേകിച്ച് ക്രിക്കറ്റിലെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ എങ്ങനെ പ്രയോഗിക്കാമെന്ന വേറിട്ട ചിന്തയാണ് ഈ ഗ്രന്ഥം പങ്കുവെക്കുന്നത്.

പരിശീലകന്‍ എന്ന നിലയില്‍ കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നടപ്പിലാക്കിയ മൂല്യങ്ങളെയും തന്ത്രങ്ങളെയും ഖുറാസിയ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലില്‍ പ്രവേശിച്ചതും, ദുലീപ് ട്രോഫിയിലേക്ക് ഒരേസമയം ആറ് കേരള താരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതും ഈ പുരാതന ജ്ഞാനത്തിന്റെ വിജയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു കായിക ഗ്രന്ഥം എന്നതിലുപരി, മാനസിക കരുത്തും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വഴികാട്ടിയാകുന്ന രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്.

മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, സഞ്ജയ് ബംഗാര്‍, മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദുലീപ് മെന്‍ഡിസ്, മലയാളത്തിന്റെ മഹാനടന്‍ പത്മഭൂഷണ്‍ മോഹന്‍ലാലും പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സും ആത്മീയതയും സമന്വയിക്കുന്ന കൃതി നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭ്യമാണ്.