- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: അമിക്കസ് ക്യൂറിയായി നിശ്ചയിച്ച രഞ്ജിത് മാരാറെ ഹൈക്കോടതി മാറ്റി; നടപടി തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നൽകിയതോടെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഹൈക്കോടതി മാറ്റി. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റിയത്. ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കാനായി കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. എന്നാൽ, തന്നെ അമിക്കസ് ക്യൂറി സ്ഥാനത്തു നിന്നും മാറ്റണമെന്ന് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നൽകിയിരുന്നു. ഇതടെയാണ് കോടതി അനുകൂല തീരുമാനം എടുത്തത്.
രഞ്ജിത്ത് മാരാർക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അഡ്വ. രഞ്ജിത്ത് മാരാരും ദിലീപും തമ്മിൽ നടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇത് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
കൂടാതെ രഞ്ജിത്ത് മാരാരും ദിലീപും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടെന്നും, ദിലീപിന്റെ പക്കൽ നിന്നും രഞ്ജിത്ത് മാരാർ പണം കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകൾ കോടതിക്ക് കൈമാറി. ഈ സാഹചര്യത്തിൽ രഞ്ജിത് മാരാർ അമിക്കസ് ക്യൂറിയായി തുടരുന്നത് നിഷ്പക്ഷമാകില്ലെന്നും പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ മെമ്മറി കാർഡ് ആരോ അനധികൃതമായി തുറന്നുവെന്നും, ഹാഷ് വാല്യു മാറിയതിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി കോടതിയിൽ ഹർജി നൽകിയത്.




