തിരുവനന്തപുരം: ശബരിമലയില്‍ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കി.25 ലിറ്റര്‍ പൂക്കള്‍ മാത്രമായിരിക്കും ഇനി ഉപയോഗിക്കുക. ആവശ്യത്തിലധികം പൂക്കള്‍ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഹൈക്കോടതിയും തന്ത്രിയും ദേവസ്വം ബോര്‍ഡും യോജിച്ചു തീരുമാനം എടുക്കുക ആയിരുന്നു.

12,500 രൂപ ചെലവുവരുന്ന പുഷ്പാഭിഷേകത്തിന് അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് പൂക്കളെത്തിക്കുന്നത്. ഇതിന് ദേവസ്വം ബോര്‍ഡ് രണ്ടുകോടിയുടെ കരാറും നല്‍കി. അമിതമായി പൂക്കളെത്തിക്കുന്നത് ഉപയോഗശേഷം അവ സംസ്‌കരിക്കുന്നതിനെയും ബാധിക്കുന്നതിനാലാണ് തന്ത്രിയില്‍നിന്നടക്കം ഉപദേശംതേടിയത്. തന്ത്രിയുമായി ആലോചിച്ച് പൂക്കളുടെ അളവ് നിശ്ചയിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അളവുപാത്രവും തയ്യാറാക്കി.

ദിവസം 80 മുതല്‍ 100 വരെ പുഷ്പാഭിഷേകമാണ് നടക്കുക. വഴിപാടുകാരുടെ ഇഷ്ടത്തിനൊത്ത് പൂക്കള്‍ ഉപയോ?ഗിക്കാമായിരുന്നു. പൂജകള്‍ക്കുശേഷം ഇന്‍സിനറേറ്ററില്‍ കത്തിച്ചുകളയുന്നതാണ് രീതി.