കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി വി അൻവർ കൈവശം വെച്ചിരിക്കുന്ന മിച്ച ഭൂമി കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങി. കൂടരഞ്ഞി വില്ലേജിൽ അൻവർ കൈവശം വെച്ചിരിക്കുന്ന 90.3 സെന്റ് ഭൂമി കണ്ടുകെട്ടുന്ന നടപടിയാണ് തുടങ്ങിയത്. വിവിധ താലൂക്കുകളിലായി അൻവർ കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കർ ഭൂമി കണ്ടുകെട്ടാനായിരുന്നു താലൂക്ക് ലാന്റ് ബോർഡ് ചെയർമാന്റെ ഉത്തരവ്.

ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി വി അൻവർ കൈവശം വെച്ചിരിക്കുന്ന ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകാൻ കഴിഞ്ഞ മാസം 26നാണ് താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ഉത്തരവിട്ടത്. ഒരാഴ്ചക്കകം നടപടി പൂർത്തിയാക്കിയില്ലെങ്കിൽ ഭൂമി കണ്ടുകെട്ടുമെന്നായിരുന്നു ഉത്തരവ്. സമയ പരിധി അവസാനിച്ചിട്ടും ഭൂമി തിരികെ നൽകാൻ അൻവർ തയ്യാറാകാതെ വന്നതോടെയാണ് തഹസിൽദാരുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലിൽ അൻവർ കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ താമരശ്ശേരി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ കെ ഹരീഷിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി.

ഈ ഭൂമിയുമായി അതിർത്തി പങ്കിടുന്ന സ്ഥലത്തിന്റെ ഉടമകൾക്ക് ഇനി നോട്ടീസ് അയക്കും. ഇവരുടെ ഭൂരേഖകളുമായി ഒത്തു നോക്കിയ ശേഷം അതിർത്തി നിർണ്ണയിച്ച് കല്ലിടുന്നതിന് വേണ്ടിയാണ് ഈ നടപടി. സർവേ വേഗത്തിൽ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.