പാലക്കാട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ പിടിയിലായ അർജുൻ ആയങ്കി റിമാൻഡിൽ. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ ആർജ്ജുൻ ആയങ്കിയെ 14 ദിവസത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തൃശൂരിൽ നിന്നും മധുരയിലെ ജൂവലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു. കേസിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ പതിനൊന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെയാണ് അർജുൻ ഒളിവിൽ പോയത്.

മഹാരാഷ്ട്ര പുനെയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അർജുൻ അറസ്റ്റിലാവുന്നത്. ഇയാളാണ് കേസിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 75 പവൻ സ്വർണം, ഇരുപത്തി മൂവായിരം രൂപ, മൊബൈൽ ഫോൺ എന്നിവയാണ് വ്യാപാരിയിൽ നിന്ന് തട്ടിയെടുത്തത്. കവർച്ചയ്ക്ക് ശേഷം സംഘം സ്വർണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അർജുൻ ആയങ്കി.സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇയാൾക്കെതിരെ കേസുണ്ട്. ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കുകയായിരുന്നു.

കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തൽ. കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷം അർജുൻ ആയങ്കി കസ്റ്റംസിന്റെ പിടിയിലായതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്.