ബെംഗളൂരു: കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ ലോറിയിലുണ്ടായിരുന്ന മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സെപ്തംബർ 25 നായിരുന്നു അർജുന്റെ ലോറി കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കാണാതായ അർജ്ജുന്റെതാണെന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധനയ്ക്കയച്ചിരുന്നു.

മൃതദേഹം അർജുന്റെതാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിച്ചിട്ടുണ്ട്. ഇനി സാങ്കേതിക നടപടികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും സഹോദരീ ഭർത്താവ് ജിതിൻ അറിയിച്ചു.

അർജുന്റെ ആംബുലൻസിന്റെ സുരക്ഷാ ചുമതല കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ കാർവാർ എസ്പി എം നാരായണ എന്നിവർ മൃതദേഹത്തെ അനുഗമിക്കും.

എന്നാൽ എസ്പി എം നാരായണന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി ലഭിക്കേണ്ടതുണ്ട്. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണ്.

നേരത്തെ, കാണാതായി 71ാം ദിവസമാണ് നിര്‍ണായക കണ്ടെത്തല്‍ പുറത്തുവന്നത്. ഗംഗാവലിപ്പുഴയില്‍ ഡ്രജര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ജൂലൈ പതിനാറിനുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുള്‍പ്പെടെ കാണാതായിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയുള്‍പ്പെടെയുള്ളവര്‍ തിരച്ചിലിന് ഇറങ്ങിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.