തിരുവനന്തപുരം:കല്ലറയിൽ സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാട്ടിയ സൈനികനെ അറസ്റ്റ് ചെയ്തു.പൊലീസുകാരെയും, ഡോക്ടറേയും, ആശുപത്രിയിലെ വനിതാ ജീവനക്കാരേയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിലാണ് സൈനികൻ പിടിയിലായത്.അതിക്രമം നടത്തിയതിന് ശേഷം ഒളിവിലായിരുന്ന ഭരതന്നൂർ സ്വദേശി വൈശാഖ് എന്ന വിമൽ വേണുവിനെയാണ് പത്തനംതിട്ടയിൽ ഉള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തത്.ഇയാൾ ഡോക്റ്ററെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

തുടർന്ന് വിമലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.പൊലീസുകാരെ ചീത്തവിളിച്ച ശേഷം രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ ചെങ്ങറയിൽ നിന്നാണ് വിമലിനെ അറസ്റ്റ് ചെയ്തത്.വ്യാഴാഴ്‌ച്ച രാത്രിയാണ് കല്ലറ പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിൽ മദ്യ ലഹരിയിൽ വിമൽ വേണു അതിക്രമം കാട്ടിയത്.ആശുപത്രിയിലെത്തിയ ഇയാളോട് കാലിലെ മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിക്കിടെ സംഭവിച്ചതാണോ എന്ന് ആശുപത്രി അധികൃതർ ചോദിച്ചിരുന്നു.ചോദ്യത്തെ തുടർന്ന് വൈശാഖ് പ്രകോപിതനാകുകയും തുടർന്ന് ഡോക്ടർ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമാണ് പരാതി.

ആശുപത്രി അധികൃതർ അറിയിച്ചതിന് പിന്നാലെയെത്തിയ പാങ്ങോട് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെയും വിമൽ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ടാക്സി കാറിൽ എത്തിയായിരുന്നു വിമലിന്റെ പരാക്രമം.മദ്യലഹരിയിലായിരുന്നു ആക്രമണമെന്നും പൊലീസ് പറയുന്നു.പിന്നീട് ആശുപത്രിയിൽനിന്നു പോയ ഇയാളെ മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടിയെങ്കിലും വിട്ടയച്ചിരുന്നു.തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പത്തനംതിട്ട ജില്ലയിലെ താഴം എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.തുടർന്ന് പാങ്ങോട് പൊലീസും ഷാഡോ ടീമും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.തിരുവനന്തപുരത്തെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ആസാമിലെ തേജ്പൂരിൽ ആർമിയിലെ സിഗ്‌നൽ വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.