- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണ ഫോണുകൾ കടത്തിയത് അയൽ സംസ്ഥാനങ്ങളിലേക്ക്; കൂട്ടത്തിൽ ഐഫോൺ, ഗൂഗിൾ തുടങ്ങി വിലകൂടിയവയും; പോലീസിന്റെ 'മാസ്' ഓപ്പറേഷനിൽ പിടികൂടിയത് 40 ഓളം ഫോണുകൾ

തിരുവനന്തപുരം: സിറ്റിയിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നഷ്ടപ്പെട്ട ഏകദേശം 15 ലക്ഷം രൂപ വിലവരുന്ന 40 ഓളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് കൈമാറി പോലീസ്. തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായാണ് ഈ ഫോണുകൾ തിരികെ കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കാർത്തിക്, ഫോർട്ട് പോലീസ് സ്റ്റേഷനിൽ വെച്ച് ഫോണുകൾ അവകാശികൾക്ക് കൈമാറി.
ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണർ ബിനുകുമാർ, ഫോർട്ട് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്‌സിപിഒ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഫോണുകൾ കണ്ടെത്തിയത്. ഈസ്റ്റ് ഫോർട്ട്, പഴവങ്ങാടി, ചാല എന്നീ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. CEIR (Central Equipment Identity Register) പോർട്ടൽ വഴിയും സാങ്കേതിക സഹായത്തോടെയും ഐഎംഇഐ (IMEI) നമ്പറുകളും ലൊക്കേഷനുകളും ട്രാക്ക് ചെയ്താണ് ഫോണുകൾ കണ്ടെത്തിയത്.
നഷ്ടപ്പെട്ട ഫോണുകളിൽ പുതിയ സിം കാർഡുകൾ ഉപയോഗിക്കുമ്പോൾ അത് നിരീക്ഷിച്ച് നേരിട്ടും കൊറിയർ വഴിയുമാണ് ഇവ സ്റ്റേഷനിലെത്തിച്ചത്. ഐഫോൺ, ഗൂഗിൾ അടക്കമുള്ള വിലകൂടിയ മോഡലുകൾ കണ്ടെത്തിയ ഫോണുകളിൽ ഉൾപ്പെടുന്നു. കണ്ടെത്തിയവയിൽ പകുതിയോളം മോഷ്ടിക്കപ്പെട്ടവയാണെന്നും, മോഷ്ടിച്ച ശേഷം വിൽപ്പന നടത്തിയ കടകളിൽ നിന്നുമാണ് ഇവ വീണ്ടെടുത്തതെന്നും പോലീസ് അറിയിച്ചു. മോഷ്ടാക്കളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.


