കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ കഴുത്തിൽ നിന്നു മാലപൊട്ടിച്ചോടിയ പ്രതിയെ പിടികൂടി. ഒഡീഷ ദസറാത്പൂർ സ്വദേശി തുഷാർ കാന്ത സേത്തിയെ (20) ആണ് റെയിൽവേ പൊലിസ്, റെയിൽവേ സംരക്ഷണ സേന എന്നിവർ ചേർന്ന് പിടികൂടിയത്.

കൊല്ലം പുനലൂർ മാത്ര കീർത്തന ഭവനിൽ സന്തോഷിന്റെ ഭാര്യ ആർ. സിന്ധുവിന്റെ താലിമാലയാണ് കിഴക്കേകവാടത്തിലെ ടിക്കറ്റ് കൗണ്ടറിനു സമീപം പ്രതി പൊട്ടിച്ചെടുത്തത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് റെയിൽവേ പൊലിസും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ പുലർച്ചെ 3.45ഓടെയാണ് പ്രതിയെ പഴയ ബസ്റ്റാൻഡ് പരിസരത്ത് വച്ച് പിടികൂടിയത്. ഇയാളെ ജുഡീഷ്യൽ ഒന്നാംക്ലാസ് കോടതി (ഒന്ന്) റിമാൻഡ് ചെയ്തു.