തിരുവല്ല: കുടുംബസ്വത്ത് നൽകിയില്ലെന്ന കാരണം പറഞ്ഞ് വയോധികനെക്രൂരമായി മർദിച്ചു പരുക്കേൽപ്പിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു.കവിയൂർ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വർക്കി (75)യെ മർദ്ദിച്ച കേസിൽ മകൻ മോൻസി(44) ആണ് പൊലീസിന്റെ പിടിയിലായത്.

ഇരു കൈകൾക്കും ഒടിവും വാരിയല്ലിന് പൊട്ടലുമേറ്റ വർക്കിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്വത്ത് എഴുതി നൽകാത്തതിനെ ചൊല്ലി മദ്യത്തിന് അടിമയായ മോൻസി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പതിവുപോലെ വെള്ളിയാഴ്ചയും മദ്യപിച്ച് എത്തിയ മോൻസി വസ്തുവിന്റെ പേരിൽ പിതാവുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ ക്ഷുഭിതനായി വീട്ടു പരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് വർക്കിയെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ശനിയാഴ്ച പുലർച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.