കോഴഞ്ചേരി: മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ചൂരൽ പ്രയോഗം നടത്തിയെന്ന പരാതിയിൽ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടയാറമുള എരുമക്കാട് എൽപി സ്‌കൂൾ അദ്ധ്യാപകൻ ബിനോജ് കുമാറിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് അറസ്റ്റ്.

തിങ്കളാഴ്ച ഉച്ചയോടെ കുട്ടിക്ക് ക്ലാസിൽ എഴുതുന്നതിനായി നൽകിയ പാഠ ഭാഗങ്ങൾ എഴുതിയില്ലെന്ന് പറഞ്ഞ് ചൂരൽ കൊണ്ട് കൈയിൽ അടിച്ചുവെന്നാണ് പരാതി. കുട്ടി വൈകിട്ട് വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആറന്മുള പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അദ്ധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.