- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലയ്ക്കൽ പെട്രോൾ പമ്പിൽ നിന്ന് 20.69 ലക്ഷം ദേവസ്വത്തിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ തട്ടിയെടുത്തു; മേൽനോട്ടക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള നിലയ്ക്കൽ സ്വാമി അയ്യപ്പ ഫ്യൂവൽസിൽ നിന്ന് 20,69,306 രൂപ തട്ടിയെടുത്ത കേസിൽ ചുമതലക്കാരൻ അറസ്റ്റിൽ. പമ്പ അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് ജീവനക്കാരനും പമ്പിന്റെ മേൽനോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് മൂഴിനട ചിത്തിര വീട്ടിൽ അനൂപ് കൃഷ്ണ (44)യെയാണ് വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ബി രാജഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പമ്പിലെ ദൈനംദിന വരുമാനമാണ് ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാതെ ഇയാൾ തട്ടിയെടുത്തത്. കഴിഞ്ഞ 16 ന് ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയറുടെ ചുമതലയുള്ള ബി. പ്രവീഷ് നിലക്കൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 19 വരെയുള്ള കാലയളവിലെ വരുമാനമാണ് നിക്ഷേപിക്കാതെ പ്രതി കൈവശം വച്ചത്.
നിലക്കൽ പൊലീസ് എസ്.എച്ച്.ഓ അന്വേഷണം നടത്തി തട്ടിപ്പ് നടന്ന കാലയളവിലെ ബോർഡിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദേശ പ്രകാരം വെച്ചൂച്ചിറ പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ സമാനരീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്