തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച പരാതിയിൽ ജിംനേഷ്യം പരിശീലകൻ പിടിയിൽ. ചേർപ്പ് സ്വദേശി അജ്മലിനെയാണ് (28) നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുറുക്കഞ്ചേരിയിലെ സ്വകാര്യ ജിംനേഷ്യത്തിൽ ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

രണ്ട് യുവതികളാണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഒരേസമയം രണ്ട് യുവതികളുമായും സൗഹൃദം സ്ഥാപിച്ച അജ്മൽ, വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതികൾ പരസ്പരം അറിയാതെയായിരുന്നു ഇയാളുടെ ഇടപെടലുകൾ. എന്നാൽ അടുത്തിടെ അജ്മൽ തങ്ങളെ കബളിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതികൾ നെടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു.

പരാതി നൽകിയ യുവതികളിൽ ഒരാളെ മദ്യം നൽകി പീഡിപ്പിച്ചതായും മൊഴിയുണ്ട്. അജ്മലിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. ചേർപ്പ് പോലീസ് സ്റ്റേഷനിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്. നെടുപുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.