- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പത്ത് ആനകൊമ്പുമായി രണ്ട് പേർ പിടിയിൽ; പിടികൂടിയത് വാഹന പരിശോധനക്കിടെ
വണ്ടന്മേട്: ആനക്കൊമ്പുമായി രണ്ടു പേർ തമിഴ് നാട് കമ്പത്തിനു സമീപം അറസ്റ്റിൽ. ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണൻ (28), തേനി കൂടല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ (32) എന്നിവരാണ് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. ഡിസിസി സെക്രട്ടറിയും വണ്ടന്മേട് പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിൽ ഐൻടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റുമായ രാജാ മാട്ടുക്കാരന്റെ മകനാണ് പിടിയിലായ മുകേഷ് കണ്ണൻ.
തേനി ജില്ലയിലേക്ക് വ്യാപകമായി ആനക്കൊമ്പ് കടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ആഴ്ചകൾക്ക് മുമ്പ് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ഇൻസ്‌പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിൽ കമ്പം വെസ്റ്റ് ഫോറസ്റ്റ് വാർഡൻ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ ഉച്ചയോടെ കമ്പം- കുമളി റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് വാഹന പരിശേധ നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്.
കർണാടക രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിളിൽ ചാക്കുമായി രണ്ട് യുവാക്കൾ എത്തുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി പരിശോധന നടത്തിയപ്പോൾ 3 ആനക്കൊമ്പുകൾ കണ്ടെത്തി. അവയിൽ 2 കൊമ്പുകൾ വലുതും ഒരെണ്ണം ചെറുതുമാണ്. പ്രതികളെ കമ്പം ഈസ്റ്റ് ഫോറസ്റ്റ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.ഇവർ ആനക്കൊമ്പുകൾ വിൽപനയ്ക്കായി കടത്തുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു.




