തിരുവനന്തപുരം: ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതിയായ റവന്യൂ ഇൻസ്‌പെക്ടറെ തലസ്ഥാന വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തിരുവനന്തപുരം കോർപറേഷൻ ആറ്റിപ്ര സോണൽ ഓഫിസിലെ റവന്യൂ ഇൻസ്‌പെക്ടർ അരുൺകുമാറിനെ 2000 രൂപ കൈക്കൂലി പണവുമായി വിജിലൻസ് അറസ്റ്റ് ചെയ്ത കേസിലാണ് വിജിലൻസ് സ്‌പെഷ്യൽ ജഡ്ജി കെ. എ. രാജകുമാരയുടെ ഉത്തരവ്.

2023 ഒക്ടോബർ 4 നാണ് ഫിനോഫ്തലിൻ പൊടി വിതറിയ കറൻസി നോട്ടുകളുപയോഗിച്ച് വിജിലൻസ് ട്രാപ്പ് കേസിൽ കെണിയൊരുക്കി റവന്യൂ ഇൻസ്‌പെപെക്ടറെ അറസ്റ്റ് ചെയ്തത്. ആറ്റിപ്ര കരിമണൽ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേർന്ന് വാങ്ങിയ ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി സംഭവത്തിന് രണ്ടാഴ്ച മുമ്പ് പരാതിക്കാരൻ ആറ്റിപ്ര സോണൽ ഓഫിസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരിശോധനക്കെത്തിയ റവന്യൂ ഇൻസ്‌പെക്ടറായ അരുൺകുമാർ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ നടപടികൾ ത്വരിതഗതിയിലാക്കുന്നതിന് കൈക്കൂലിയുമായി ബുധനാഴ്ച ഓഫിസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു.

പരാതിക്കാരൻ വിവരം വിജിലൻസ് തിരുവനന്തപുരം യൂനിറ്റ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആർ. വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ബുധനാഴ്ച വൈകുന്നേരം മുന്നരയോടെ ഓഫിസിൽവെച്ച് പരാതിക്കാരനിൽനിന്ന് 2,000 രൂപ കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയിൽനിന്ന് കണക്കിൽപെടാത്ത 7000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

ഫിനോഫ്തിലിൻ പുരട്ടിയ 500 ന്റെ 4 നോട്ടുകൾ കേസ് രജിസ്റ്റർ ചെയ്ത ശേഷം നോട്ടു നമ്പരുകൾ രേഖപ്പെടുത്തിയ എൻട്രസ്റ്റ്‌മെന്റ് മഹസർ തയ്യാറാക്കി വിജിലൻസ് പരാതിക്കാരന്റെ കൈവശം കൊടുത്തുവിട്ടു. ഓഫീസിലെത്തി പണം കൈമാറി. വിജിലൻസ് കൊണ്ടു വന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ റവന്യൂ ഇൻസ്‌പെക്‌റെുടെ കൈവിരലുകൾ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. ഇതോടെ കൈക്കൂലി പണമായ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി സ്ഥിരീകരിച്ചു.

തുടർന്ന് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടു ഗസറ്റഡ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് ട്രാപ്പും അറസ്റ്റും നടത്തിയത്. ഇവർ സാധാരണക്കാരെപ്പോലെ പെരുമാറിയതിനാൽ പ്രതിക്ക് സംശയം തോന്നിയില്ല. വിജിലൻസ് ഏതു ഡിപ്പാർട്ടുമെന്റിൽ നിന്നും എപ്പോൾ ആവശ്യപ്പെട്ടാലും രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരെ വിട്ടു നൽകണമെന്ന് വിജിലൻസ് സർക്കുലർ നിലവിലുണ്ട്.

വിജിലൻസ് സംഘത്തിൽ ഡിവൈ.എസ്‌പിയെ കൂടാതെ ഇൻസ്‌പെക്ടർമാരായ അനിൽകുമാർ.എസ്.എൽ, സനിൽകുമാർ.റ്റി.എസ്, പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ അജിത് കുമാർ.കെ.വി, അനിൽകുമാർ.ബി.എം, സഞ്ജയ്, പൊലീസ് ഉദ്യോഗസ്ഥരായ പ്രമോദ്, അരുൺ, ഹാഷിം, അനീഷ്, അനൂപ്, കിരൺശങ്കർ, ജാസിം, ആനന്ദ് എന്നിവരും ഉണ്ടായിരുന്നു.