- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡൽഹി ഭരിക്കുന്നവർക്ക് കേരളത്തിൽ ഇടം നൽകരുത്, രാഷ്ട്രീയ-സാംസ്കാരിക പൈതൃകം സംരക്ഷിക്കണം'; ഫാസിസം ജനങ്ങളിലേക്ക് പടർന്നിരിക്കുകയാണെന്നും അരുന്ധതി റോയ്

തിരുവനന്തപുരം: ഇന്ത്യയിൽ വ്യാപകമാകുന്ന ഫാസിസത്തിനെതിരെയും രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെയും മുന്നറിയിപ്പുമായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. മലയാറ്റൂർ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഹാളിൽ സംസാരിക്കുകയായിരുന്നു അവർ. കേരളം ലോകത്തിലെ തന്നെ അവശേഷിക്കുന്ന അപൂർവ്വം 'ഔട്ട്പോസ്റ്റുകളിൽ' ഒന്നാണെന്നും ഇവിടുത്തെ രാഷ്ട്രീയ-സാംസ്കാരിക പൈതൃകം എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും അവർ ആഹ്വാനം ചെയ്തു.
വലതുപക്ഷ രാഷ്ട്രീയത്തിന് ഇതുവരെ കീഴടങ്ങാത്ത കേരളത്തിന്റെ ചരിത്രത്തെ അരുന്ധതി റോയ് പ്രശംസിച്ചു. "നമുക്ക് നമ്മുടേതായ രാഷ്ട്രീയവും സംസ്‌കാരവും ബുദ്ധിശക്തിയുമുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ മുന്നേറ്റം സങ്കടകരമാണ്. അത്തരമൊരു മാറ്റം ഇവിടെ സംഭവിക്കാൻ പാടില്ല. ഇവിടെ നിന്നാണ് പോരാട്ടം തുടങ്ങേണ്ടത്. ഭരണവിരുദ്ധ വികാരം കാരണം അഞ്ച് വർഷം കൂടുമ്പോൾ സർക്കാർ മാറുന്നത് ജനാധിപത്യത്തിന്റെ ലക്ഷണമാണ്, എന്നാൽ ഡൽഹി ഭരിക്കുന്ന രാഷ്ട്രീയത്തിന് കേരളത്തിൽ ഇടം നൽകരുത്," അവർ പറഞ്ഞു.
ഉത്തരേന്ത്യയിൽ ഫാസിസം ഭരണകൂടത്തിൽ മാത്രമല്ല, ജനങ്ങളിലേക്കും പടർന്നിരിക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. "ദൈനംദിന സംഭാഷണങ്ങളിലും സാംസ്‌കാരിക ഇടങ്ങളിലും ഇത് പ്രകടമാണ്. ഇന്ന് നമ്മൾ സ്വന്തം പൗരത്വത്തിനും വോട്ടർ പട്ടികയിൽ ഇടംപിടിക്കാനുമുള്ള ഓട്ടത്തിലാണ്. രാജ്യം എവിടെ എത്തിനിൽക്കുന്നു എന്ന് ബോധ്യപ്പെടാൻ മലയാളികളെ ബസിൽ കയറ്റി ഉത്തർപ്രദേശും ബീഹാറും ഡൽഹിയും കാണിക്കാൻ എനിക്ക് ആഗ്രഹമുണ്ട്," അവർ വ്യക്തമാക്കി.
ആഗോള ഭീഷണികളും ആശങ്കകളും ലോകം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്നും ഏത് നിമിഷവും അമേരിക്ക ഇറാനെ ആക്രമിച്ചേക്കാമെന്നും ഇത് ലോകക്രമത്തെ തന്നെ മാറ്റമറിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. പുതിയ തലമുറയുടെ ചിന്താശേഷിയെ നിർമ്മിതബുദ്ധി കാർന്നുതിന്നുകയാണെന്ന ഭീതിയും അവർ പങ്കുവെച്ചു. തന്റെ രചനകൾ ലോകശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും രാജ്യത്തെ ഇന്നത്തെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഒരു എഴുത്തുകാരി എന്ന നിലയിൽ താൻ പരാജയമാണെന്നാണ് തോന്നുന്നതെന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു. അമ്മ മേരി റോയിയെക്കുറിച്ചുള്ള 'മദർ മേരി കംസ് ടു മി' എന്ന അരുന്ധതി റോയിയുടെ ഓർമ്മക്കുറിപ്പ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.


