കോഴിക്കോട്: പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിന് കെപിസിസി. കർശന താക്കീത് നൽകിയിരിക്കുകയാണ്. നവംബർ മൂന്നിന് നടത്തിയ റാലി വിഭാഗീയ പ്രവർത്തനമാണെന്നും താക്കീതിൽ പറയുന്നു. ഇത്തരമൊരു റാലി നടത്തരുതെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഷൗക്കത്തിനോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും റാലി നടത്തിയത് അച്ചടക്ക ലംഘനമായി സമിതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഫലസ്തീൻ റാലി മാറ്റിവെക്കാനാണ് പാർട്ടി ആവശ്യപ്പെട്ടത്, മാറ്റിവെക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല അതുകൊണ്ടാണ് റാലി നടത്തിയത്. വൈകിയാണെങ്കിലും കോഴിക്കോട് വൻ ജനപങ്കാളിത്തത്തോടെ പാർട്ടി റാലി നടത്തിയതിൽ സന്തോഷം. ആര്യാടൻ ഫൗണ്ടേഷൻ വിഭാഗീയ പ്രവർത്തനം നടത്താൻ ഉള്ള സംവിധാനം അല്ല. മണ്ഡലം പ്രസിഡന്റ്മാരുടെ നിയമനത്തിൽ നൽകിയ പരാതികൾ അച്ചടക്ക സമിതിക്കു മുമ്പിൽ ഉണ്ട് അതൊക്കെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പുകഴ്‌ത്തിയതിൽ പ്രതികരിക്കാനില്ല. നല്ലതും മോശവും ഒക്കെ പറയുന്നത് അവരവരുടെ ഇഷ്ടമാണെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. നേരത്തെ ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക സമിതി ശുപാർശ കെപിസിസി നേതൃത്വം അംഗീകരിച്ചിരുന്നു. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസി വിലയിരുത്തൽ. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്കലംഘനം ആവർത്തിക്കരുത്. ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ സമാന്തര കമ്മിറ്റികൾ പാടില്ലെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത നടപടി ഒഴിവാക്കിയത് ഖേദപ്രകടനത്തിന്റെ പശ്ചാത്തലത്തിലാണെന്നാണ് പുറത്തുവരുന്ന വിവരം. ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ കെപിസിസി വിലക്കേർപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന കോൺഗ്രസ് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് പങ്കെടുക്കരുതെന്ന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തതുകൊണ്ടായിരുന്നു നിർദ്ദേശം. നേരത്തെ, പാർട്ടി അച്ചടക്കം ലംഘിച്ച് മലപ്പുറത്ത് റാലി നടത്തിയതിന് ഷൗക്കത്തിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.