- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശാ സമരത്തിന്റെ അഞ്ചാം ഘട്ടം; 1000 പ്രതിഷേധ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ആശാ സമരത്തിന്റെ അഞ്ചാം ഘട്ടമായ പഞ്ചായത്ത് കേന്ദ്രീകരിച്ച പ്രതിഷേധ സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ജൂലൈ 14) വൈകു. 4 മണിക്ക് വിഴിഞ്ഞം കരുംകുളം പഞ്ചായത്തിലെ പുതിയതുറ ജംഗ്ഷനില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിക്കുകയില്ലെന്ന ധാര്‍ഷ്ട്യം മുഖ്യമന്ത്രി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ സദസ്സുകള്‍ക്ക് പ്രാധാന്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ആശമാരുടെ ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ആ കമ്മിറ്റി ട്രേഡ് യൂണിയനുകളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്ത സമയത്തുതന്നെ മുഖ്യമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചതില്‍ നിന്നും വ്യക്തമാകുന്നത് കമ്മിറ്റി രൂപീകരണം പ്രഹസനമാക്കുമെന്നാണ്.
ഐതിഹാസികമായ പിന്തുണ നേടിയ ഒരു സ്ത്രീതൊഴിലാളി സമരത്തെ അങ്ങേയറ്റം ക്രൂരമനഃസ്ഥിതിയോടെ നേരിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ചരിത്രത്തില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രതിനായകനായി മാത്രമേ അറിയപ്പെടുകയുള്ളൂ. അധികാര പ്രമത്തത കൊണ്ട് തൊഴിലാളി സമരത്തെ നേരിടാന്‍ എക്കാലവും കഴിയില്ലെന്ന് ആശാസമരം ഈ ഭരണാധികാരികളെ പഠിപ്പിക്കും.
കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തിയ രാപകല്‍ സമരയാത്രപോലെ, 1000 പ്രതിഷേധ സദസ്സുകളും സംസ്ഥാനത്ത് ഒരു പ്രചണ്ഡമായ തൊഴിലാളി മുന്നേറ്റമായി തീരും. സംസ്ഥാനത്തിന്റെ തെക്കെയറ്റത്തെ പഞ്ചായത്തായ കരുംകുളത്തു നിന്നും രാപകല്‍ സമരത്തിന്റെ 156-ാം ദിനം ഈ മുന്നേറ്റം ആരംഭിക്കുകയാണന്ന് കെ എ എച്ച് ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.