തിരുവനന്തപുരം: ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ആശിഷ് ജെ ദേശായി ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് പുതിയ ചീഫ് ജസ്റ്റീസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കേരള ഹൈക്കോടതിയുടെ മുപ്പത്തിയെട്ടാമത് ചീഫ് ജസ്റ്റീസാണ് ആശിഷ് ദേശായി.

ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിയായ എ ജെ ദേശായി കഴിഞ്ഞ ഫെബ്രുവരിമുതൽ ആക്ടിങ് ചീഫ് ജസ്റ്റിസാണ്. 2011ൽ ഗുജറാത്ത് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായാണ് ആദ്യനിയമനം. 2006 മുതൽ 2009 വരെ ഗുജറാത്ത് ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചു. ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്ജി പരേതനായ ജസ്റ്റിസ് ജിതേന്ദ്ര പി ദേശായിയുടെ മകനാണ്.

സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ജൂലൈ നാലിനു വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്താൻ കൊളീജിയം ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആശിഷ് ജിതേന്ദ്ര ദേശായിയുടെ നിയമനം.