കൊല്ലം: ലൈസൻസും രജിസ്‌ട്രേഷനുമടക്കമില്ലാതെ കായൽ സവാരി നടത്തുന്ന പുരവഞ്ചികൾക്കെതിരെ നടപടിയുമായി തുറമുഖവകുപ്പും പൊലീസും.അഷ്ടമുടിക്കായലിൽ അനധികൃതമായി പുരവഞ്ചികളും മറ്റ് വള്ളങ്ങളും സർവീസ് നടത്തുന്നെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽപ്പരിശോധനയിലാണ് ഹൗസ്‌ബോട്ടുകൾക്കെതിരെയുള്ള നടപടി.

അഷ്ടമുടി, പ്രാക്കുളം, സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 12 ബോട്ടുകൾക്ക് മൂന്നരലക്ഷം രൂപ പിഴ ചുമത്തി.രജിസ്‌ട്രേഷൻ, സർവേ, ലൈസൻസ് എന്നിവ ഇല്ലാത്ത ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്.ചില ശിക്കാരി വള്ളങ്ങൾക്കും മറ്റും താക്കീതും നോട്ടീസും നൽകി.കേരള മാരിടൈം ബോർഡിലെ സർവെയർ മരിയ പ്രോണിന്റെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടുകൂടിയാണ് പരിശോധന നടന്നത്.

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പല വഞ്ചികളും തുരുത്തുകളിൽ ഒതുക്കി ജീവനക്കാർ കടന്നുകളഞ്ഞതായും പരിശോധനസംഘം പറഞ്ഞു.പരിശോധനയിൽ കൊല്ലം പോർട്ട് കൺസർവേറ്റർ ബിനു,സി.പി.ഒ.ആർ.മഹേഷ്,മാത്യു എന്നിവർ പങ്കെടുത്തു. കേന്ദ്ര ഇൻലാൻഡ് വെസ്സൽസ് ആക്ട് 2021 പ്രകാരമാണ് പിഴ ചുമത്തിയിട്ടുള്ളതെന്നും മുന്നറിയിപ്പില്ലാതെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.