കൊച്ചി: സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്ക്. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി. എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' എന്ന സിനിമയുടെ സ്റ്റണ്ട് രംഗങ്ങൾക്കായുള്ള പരിശീലനത്തിനിടയിലാണ് താരത്തിന്റെ മുട്ടുകാലിന് പരിക്കേറ്റത്.

പരിക്കേറ്റ ആസിഫ് അലിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്.

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദി റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.