തിരുവനന്തപുരം: നഗരമധ്യത്തിൽ സുഹൃത്തുക്കൾക്കൊപ്പം റോഡിലൂടെ നടന്നു പോയ 23 കാരിയായ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി ടോണിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒക്ടോബർ 10 മുതൽ റിമാന്റിൽ കഴിയുന്ന പൂന്തുറ ഐഡിപി കോളനി സ്വദേശി ടോണി (27) ക്കാണ് ജാമ്യം നൽകിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.

എല്ലാ ചൊവ്വയും ശനിയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം. 25000 രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യബോണ്ടും കോടതിയിൽ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവു നശിപ്പിക്കാനോ പാടില്ല. എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പഴവങ്ങാടി ജങ്ഷനിൽ 10 ന് പുലർച്ചെ 4 ന് ആയിരുന്നു സംഭവം.

വെളുപ്പിനു 4 മണിക്ക് ഹോട്ടലിൽ നിന്നു സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചു താമസ സ്ഥലത്തേക്കു പോകുമ്പോൾ ഹെൽമറ്റ് ധരിച്ച് എത്തിയ ടോണി 23 കാരിയായ കൗമാരക്കാരിയെ കടന്നു പിടിക്കുകയായിരുന്നു. ഫോർട്ട് സ്റ്റേഷനിൽ പരാതിയുമായി ചെന്ന 23 കാരിയുടെ പരാതിയിൽ കരമന സ്റ്റേഷനിൽ നിന്നും വനിത പൊലീസിനെ വരുത്തിയാണ് മൊഴി വാങ്ങി കേസെടുത്തത് സി സി റ്റി വി ഫൂട്ടേജിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൂന്തുറ ഐഡിപി കോളനി സ്വദേശി ടോണി (27) യെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവരം അറിഞ്ഞ് ഫോർട്ട് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും അന്നു പ്രതിയെ കണ്ടെത്താനായില്ല. സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ എല്ലാം പരിശോധിച്ചപ്പോൾ പ്രതിയുടെ അവ്യക്തമായ ദൃശ്യം മാത്രമാണ് ലഭിച്ചത്. പിന്നീട് ഫോർട്ട് അസി.കമ്മിഷണർ ഷാജി, എസ്എച്ച്ഒ രാകേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതിക്കായി തിരച്ചിൽ നടത്തി.

നിരവധി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതി ഹെൽമറ്റ് ധരിച്ചത് പൊലീസിന് വെല്ലുവിളിയായി. ഒടുവിൽ പൂന്തുറ ഭാഗത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ നിന്നു പ്രതി സഞ്ചരിച്ച ബൈക്കിന്റെ നമ്പർ പൊലീസിനു ലഭിക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു. എസ്എച്ച്ഒ രാകേഷ്, എസ്‌ഐമാരായ അഭിജിത്ത്, ശ്രീജേഷ്, വിനോദ് , അനു എസ്.നായർ, സിപിഒമാരായ രാമു, അനുരാജ്,വിനോദ്, സാബു, രഞ്ജിത്ത്, ജീത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.