- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലിഫ്റ്റില്‍ കുടുങ്ങിയത് 42 മണിക്കൂര്‍, നീതിക്കായി കാത്തത് മാസങ്ങള്‍; ഒടുവില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍; 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ക്ക് നല്‍കണം; സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും രൂക്ഷവിമര്‍ശനം
രവീന്ദ്രന്‍ നായര്‍ക്ക് നീതി
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
പോങ്ങുംമൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണം. അതിനു ശേഷം തുക ഉത്തരവാദികളില്‍ നിന്നും നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്റെ സര്‍വ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ട്. നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപ്പോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.രവീന്ദ്രന്‍ നായര്‍ക്ക് ലിഫ്റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യമായ എല്ലാ ചികിത്സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നല്‍കണം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കില്‍ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
രവീന്ദ്രന്‍ നായര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13 ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ 6 വരെ ലിഫ്റ്റില്‍ കുടുങ്ങിയെന്ന വസ്തുതയില്‍ എതിര്‍കക്ഷികള്‍ക്ക് തര്‍ക്കമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല.
ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാല്‍ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അപ്പോള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതായിരുന്നു. ദിവസവും ആയിരകണക്കിന് രോഗികളെത്തുന്ന മെഡിക്കല്‍ കോളേജില്‍ ഇത്തരം ഒരു സംഭവം നടന്നത് ഗൗരവത്തോടെ കമ്മീഷന്‍ കാണുന്നു. രവീന്ദ്രന്‍ നായരുടെ ജീവന്‍ തന്നെ അപകടത്തിലാവുമായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യം ന്യായമാണെന്നും രോഗി മരിക്കാനുള്ള സാധ്യത വരെയുണ്ടായിരുന്നസംഭവത്തില്‍ ജീവനക്കാരുടെ ഉത്തരവാദിത്വം പോലെ സ്റ്റേറ്റിനും ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാന്‍ പരാതിക്കാരന് അര്‍ഹതയുണ്ടെങ്കിലും ആവശ്യപ്പെട്ട തുക യുക്തിസഹമല്ലെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിന് പുറമെ രവീന്ദ്രന്‍ നായരും പരാതി നല്‍കിയിരുന്നു.




