- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്ഐയെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച കേസിൽ നാലുയുവാക്കൾ കൂടി പിടിയിൽ; സംഭവം അത്താഴക്കുന്ന് ക്ലബ്ബിലെ പരിശോധനയ്ക്കിടെ; യുവാക്കളെ ബോധപൂർവം കേസിൽ പെടുത്തിയതെന്ന് ബന്ധുക്കൾ
കണ്ണൂർ : അത്താഴക്കുന്നിൽ കണ്ണൂർ ടൗൺ എസ്ഐ സിഎച്ച് നസീബിനെയും, പൊലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ച കേസിൽ നാലുയുവാക്കൾ കൂടി അറസ്റ്റിൽ. കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, കാർത്തിക്, സംഗീർത്ത്, സനൽ എന്നിവരെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കുഞ്ഞിപ്പള്ളി സ്വദേശികളായ തൻസീർ അഭയ്, കോറ്റൊളി സ്വദേശി അഖിലേഷ് എന്നിവരെയാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോൻ അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
കണ്ണൂർ ടൗൺ എസ്. ഐ സി എച്ച് നസീബും സഹപ്രവർത്തകരും പട്രോളിങ്ങിനിടെ ക്ലബ്ബിൽ ഇരുന്ന് മദ്യപിക്കുന്നത് കണ്ട് കയറിയപ്പോഴാണ് പൊലിസുകാർക്കു നേരെ അക്രമം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. എന്നാൽ പ്രതികളായ യുവാക്കളിൽ പൊലിസ് വലിച്ചിഴയ്ക്കുന്നതും മർദ്ദിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അത്താഴക്കുന്നിലെ കല്ലുകെട്ടുചിറയിലെ ക്ളബിലാണ് സംഭവം നടന്നത്. ഈ പ്രദേശത്ത് മദ്യപ, ലഹരിസംഘം വ്യാപകമായിട്ടുണ്ടെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഇവിടെ പരിശോധനയ്ക്കെത്തിയതെന്നാണ് പൊലിസ് പറയുന്നത്.
ക്ളബിലേക്ക് കയറി യുവാക്കളെ ചോദ്യം ചെയ്ത പൊലിസുമായി വാക്കേറ്റമുണ്ടാവുകയും എസ്. ഐയുടെ നേതൃത്വത്തിൽ യുവാക്കളെ വലിച്ചിഴയ്ക്കുകയും ബലപ്രയോഗം നടത്തുകയുമായിരുന്നു. ഇതിനിടെ യുവാക്കളിലൊരാൾ മുറിയുടെ വാതിൽ പുറത്തു നിന്നും പൂട്ടുകയും മറ്റുള്ളവർ എസ്. ഐ മർദ്ദിച്ചുവെന്നാണ് പരാതി. പുറമെ നിന്നുള്ള പൊലിസുകാരെ തടയുകയും ചെയ്തുവെന്നു പറയുന്നു. പിന്നീട് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലിസുകാരെത്തിയാണ് എസ്. ഐ വാതിൽ തുറന്ന് പുറത്തിറക്കുകയും മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.
യുവാക്കളുടെ മർദ്ദനമേറ്റുവെന്നു പറയുന്ന സി. എച്ച്. നസീബ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു പൊലിസുകാർക്ക് നിസാരപരുക്കുകളെയുള്ളൂവെന്നാണ് വിവരം.സംഭവത്തെ കുറിച്ചു പൊലിസ് പുറത്തുവിടുന്ന കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്ന ആരോപണമുയർന്നിട്ടുണ്ട്. യുവാക്കളെ ബോധപൂർവ്വം കേസിൽപ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും എസ്. ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ അമിതാവേശമാണ് സംഘർഷത്തിൽ കലാശിച്ചതെന്നുമാണ് അറസ്റ്റു ചെയ്യപ്പെട്ട ചില യുവാക്കളുടെ ബന്ധുക്കൾ പറയുന്നത്. ക്ളബിലിരുന്ന് ഇവർ മദ്യപിച്ചിട്ടില്ലെന്നും പൊലിസാണ് അകാരണമായി യുവാക്കളെ മർദ്ദിച്ചതെന്നുമാണ് ഇവരുടെ ആരോപണം.




