- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാല് ദിവസമായി കബാലിയെത്തിയില്ല'; അതിരപ്പിള്ളി - മലക്കപ്പാറ യാത്രാ നിരോധനത്തിൽ നിയന്ത്രണങ്ങളോടെ ഇളവ് ; വനപാതയിൽ നിരീക്ഷണം തുടരാനും തീരുമാനം
തൃശ്ശൂർ: അതിരപ്പിള്ളി മലക്കപ്പാറ യാത്രാ നിരോധനത്തിൽ ഇളവ്. നിയന്ത്രണങ്ങളോടെ യാത്രക്കാരെ ഈ വഴി കടത്തിവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാട്ടുകൊമ്പൻ കബാലിയുടെ ആക്രമണങ്ങൾ പതിവായതോടെയാണ് ഈ വഴിയുള്ള വിനോദ സഞ്ചാരികളുടെ യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്.
കഴിഞ്ഞ നാല് ദിവസമായി കാട്ടാന റോഡിൽ ഇറങ്ങാത്ത സാഹചര്യം കണക്കിലെടുത്താണ് ഇളവ് നൽകാനുള്ള തീരുമാനം. നിയന്ത്രങ്ങളോടെ വന പാതയിലൂടെ സഞ്ചാരികളെ കടത്തിവിടാമെന്ന് വനം വകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എന്നാൽ ഈ വഴിയിൽ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം തുടരാനും തീരുമാനിച്ചു.
കാട്ടുകൊന്പൻ കബാലിയുടെ ആക്രമണത്തെത്തുടർന്ന് അതിരപ്പിള്ളി.. മലക്കപ്പാറ റൂട്ടിൽ ഒരാഴ്ചയോളമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ടൂറിസ്റ്റുകൾക്ക് യാത്രാ വിലക്കുൾപ്പെടെ ഒരാഴ്ചത്തേക്കാണ് ഏർപ്പെടുത്തിയിരുന്നത്. പ്രദേശത്ത് വനം വകുപ്പിന്റെ സുരക്ഷാ അംഗങ്ങൾ തുടർന്നേക്കും. രാത്രിയിൽ അത്യാവശ്യ കാര്യങ്ങൾക്കുള്ള യാത്രമാത്രമാവും തുടർന്ന് അനുവദിക്കുക.
കഴിഞ്ഞ 23ന് രാത്രി കെഎസ്ആർടിസി ബസ് കുത്തിമറിച്ചിടാൻ കബാലി ശ്രമിച്ചതോടെ ആയിരുന്നു ഈ പാതയിൽ വീണ്ടും യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയത്. യാത്രക്കാരും ബസ് ജീവനക്കാരും അപായമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടിരുന്നു. ഒരാഴ്ചയുടെ ഇടവേളയ്ക്കു ശേഷമായിരുന്നു അതിരപ്പിള്ളി - മലക്കപ്പാറ റൂട്ടിൽ കബാലിയുടെ വില്ലത്തരം. കബാലി ഇപ്പോൾ മദപ്പാടിലാണെന്നും ഇതിനാലാണ് ഈ പരാക്രമമെന്നുമാണ് വനം വകുപ്പ് പറയുന്നത്.
ചാലക്കുടിയിൽ നിന്നും മലക്കപ്പാറയ്ക്ക് പോയ കെഎസ്ആർടിസി ബസ്സിനുനേരെ ആയിയിരുന്നു കബാലി പാഞ്ഞടുത്തത്. അമ്പലപ്പാറ ഹെയർപിൻ വളവിലായിരുന്നു സംഭവം. ബസ്സിന് മുന്നിലെത്തിയ കബാലി കൊമ്പു കൊണ്ട് വാഹനം കുത്തി ഉയർത്തി. പിന്നീട് താഴെവച്ചശേഷം റോഡിൽ വാഹനത്തിന് പോകാനാകാത്ത വിധം നിലയുറപ്പിച്ചു. രണ്ടു മണിക്കൂർ നീണ്ട പരാക്രമത്തിന് ശേഷമാണ് കൊമ്പൻ കാടു കയറിയത്.
എട്ടരയ്ക്ക് മലക്കപ്പാറയെത്തേണ്ട ബസ് രണ്ടര മണിക്കൂർ വൈകിയാണ് യാത്ര അവസാനിപ്പിച്ചത്. യാത്രക്കാർ സുരക്ഷിതരായിരുന്നു. ഇതിന് മുമ്പ് ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിനുനേരെ കബാലി പരാക്രമം കാണിച്ചിരുന്നു. എട്ടു കിലോമീറ്റർ പിന്നോട്ടെടുത്താണ് ഡ്രൈവർ യാത്രക്കാരെ സുരക്ഷിതരാക്കിയത്. മേഖലയിൽ കൂടുതൽ വാച്ചർമാരെ നിയമിച്ച് സുരക്ഷയൊരുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.




