പാലക്കാട്: മണ്ണാർക്കാട് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ എടിഎം കൗണ്ടർ തകർത്ത നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പോലീസ് സ്റ്റേഷന് തൊട്ടടുത്താണ് സംഭവം. ഇതൊരു മോഷണ ശ്രമമാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

എടിഎം കൗണ്ടറിന്റെ വാതിൽ കല്ലെറിഞ്ഞ് തകർത്ത നിലയിലായിരുന്നു. കൗണ്ടറിനുള്ളിൽ കല്ലുകളും പൊട്ടിയ ഗ്ലാസ് ചില്ലുകളും കണ്ടെത്തുകയും ചെയ്തു. കൗണ്ടറിന്റെ മുൻവശത്തുകൂടി ഒരാൾ നടന്നുപോയതിന് തൊട്ടുപിന്നാലെ കല്ല് എടിഎമ്മിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മണ്ണാർക്കാട് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ആരാണെന്നും, ഇതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശ്യമെന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.