കോഴിക്കോട്: നഗരാതിര്‍ത്തിയില്‍ പറമ്പില്‍ കടവ് പാലത്തു പുലര്‍ച്ചെ എടിഎം കവര്‍ച്ചാ ശ്രമം. എടിഎം കുത്തി തുറക്കാന്‍ ശ്രമിച്ച യുവാവിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. മലപ്പുറം സ്വദേശി വിജേഷിനെയാണു (38) ചേവായൂര്‍ പൊലീസ് പിടികൂടിയത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണു സംഭവം.

ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാന്‍ ആയിരുന്നു ശ്രമം. എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടപ്പോഴാണു പൊലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പൊലീസ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.

സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എം.മുക്തിദാസ്, സിപിഒ എ.അനീഷ്, ഡ്രൈവര്‍ എം.സിദ്ദിഖ് എന്നിവര്‍ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി.കമ്മിഷണര്‍ എ.ഉമേഷിനെ വിവരം അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി പ്രതിയെ ചേവായൂര്‍ സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

പോളി ടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെറിയ ഗ്യാസ് കട്ടര്‍ അടക്കമുള്ളവ യുവാവില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.