- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി ഒ ടി നസീറിനെ വീണ്ടും ആക്രമിച്ചതായി പരാതി; ആക്രമണം തലശേരി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ കാണാൻ എത്തിയപ്പോൾ; മദ്യപിച്ച് ബഹളം വച്ച സംഘമാണ് തന്നെ ആക്രമിച്ചതെന്നും നസീർ
തലശേരി: തലശേരി നഗരത്തിൽ മുൻ സി. പി എം നേതാവും വടകര ലോക്സഭാതെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥയായി മത്സരിക്കുകയും ചെയ്ത സി. ഒ. ടി നസീറിനു നേരെ വീണ്ടും അക്രമം. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലിന് തലശേരി മിഷ്യൻ ഹോസ്പിറ്റൽ പരിസരത്തുവച്ചാണ് അക്രമിച്ചതെന്ന് നസീർ തലശ്ശേരി ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
2019 ൽ തലശേരി കാ യ്യ ത്ത് റോഡിൽ വെച്ച് നസീറിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജിൻ, റോഷൻ ബാബു തുടങ്ങിയ അഞ്ച് സി. പി എം പ്രവർത്തകരാണ് തന്നെ അക്രമിച്ചതെന്നാണ് നസീറിന്റെ പരാതിയിൽ പറയുന്നത്. തലശേരി ഗുഡ് ഷെഡ് റോഡിലെ മിഷ്യൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ കാണുന്നതിനു വേണ്ടിയാണ് നസീർ ആശുപത്രിയിൽ എത്തിയത്.
ഈ സമയത്താണ് മദ്യപിച്ച് ബഹളം വച്ച സംഘം തന്നെ അക്രമിച്ചതെന്ന് നസീർ പറഞ്ഞു. കൈ കൊണ്ട് മർദ്ദിക്കുകയും ധരിച്ച വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിക്കുകയും ചെയ്തുവത്രെ. ബഹളം കേട്ട് ഓടിക്കൂടിയവരാണ് തന്നെ രക്ഷപെടുത്തിയതെന്നാണ് നസീർ പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നുവെന്നും നസീർ പറഞ്ഞു.
തന്നെ അക്രമിച്ചവരെ പിടികൂടാൻ പൊലീസ് തയ്യാറായില്ലെങ്കിൽ നിയമനടപടികളുമായി മുൻപോട്ടുപോകുമെന്ന് നസീർ മുന്നറിയിപ്പു നൽകി. 2019 ൽ തലശേരി പാർലമെന്റ് മണ്ഡലത്തിൽ വിമതസ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് കായ്യ ത്ത് റോഡിൽ വെച്ച് നസീറിനെ ബൈക്കിലെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടിപരുക്കേൽപ്പിച്ചിരുന്നു. ഈ അക്രമത്തിന് ശേഷം ആറുമാസത്തോളം നസീർ ചികിത്സയിലായിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിൽ നിലനിൽക്കവെയാണ് വീണ്ടും അക്രമമുണ്ടായത്.