- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻവൈരാഗ്യം; നിയമ വിദ്യാർത്ഥിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മുഖ്യ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നാലാം പ്രതിയായ നിരഞ്ജൻ സുനിൽകുമാർ (18) ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. ബാർട്ടൺ ഹില്ലിന് സമീപത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന മുഹമ്മദ് റിസ്വാനെയാണ് ഒൻപതംഗ സംഘം ആക്രമിച്ചത്.
ഓഗസ്റ്റ് 15-ന് രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നത്. കാസർകോട് സ്വദേശിയായ റിസ്വാനെ, മുൻവൈരാഗ്യം തീർക്കുന്നതിന്റെ ഭാഗമായാണ് സംഘം ആക്രമിച്ചത്. സംഘം വടിവാൾ ഉപയോഗിച്ച് റിസ്വാനെ വെട്ടാൻ ശ്രമിക്കവേ ഇയാൾ കൈകൊണ്ട് തടുക്കുകയായിരുന്നു. ഇതിനെത്തുടർന്ന് റിസ്വാന് ഇടതുകൈമുട്ടിന് പരിക്കേൽക്കുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ കിച്ചാമണി ഇപ്പോഴും ഒളിവിലാണ്. മറ്റ് പ്രതികളിൽ രണ്ട് പേർ നേരത്തെ പോലീസിന് മുന്നിൽ ഹാജരായിരുന്നു. ബാക്കിയുള്ളവർക്കായി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. സിറ്റി ഷാഡോ ടീമിന്റെ സഹായത്തോടെ എസിപി സ്റ്റുവെർട്ട് കീലറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ നിരഞ്ജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് സംശയിക്കുന്നു.