തിരുവനന്തപുരം:തലസ്ഥാനത്ത് ഞരമ്പന്മാരുടെ അതിക്രമത്തിൽ പൊറുതിമുട്ടി സ്ത്രീകളും ,വിദ്യാർത്ഥികളും.ആഴ്‌ച്ചകൾക്ക് മുമ്പ് നടക്കാനിറങ്ങിയ വീട്ടമ്മ അതിക്രമത്തിനിരയായ അതേ മ്യസിയത്ത് തന്നെ വീണ്ടും സമാനമായ സംഭവം അരങ്ങേറിയിരിക്കുകയാണ്.മ്യൂസിയം സ്റ്റേഷൻ പരിധിയിലുള്ള പണ്ഡിറ്റ് കോളനിയിലെ റോഡിലാണ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം നടന്നത്.ബൈക്കിലെത്തിയ യുവാവ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടികളെ കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

നാലു ദിവസം മുൻപ് നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടികളുടെ കുടുംബം മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം വാർത്തയാവുന്നത്.ബൈക്കിലെത്തിയ ആൾ പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അക്രമിയെ പെൺകുട്ടികൾ പിൻതുടർന്നെങ്കിലും ബൈക്കിൽ രക്ഷപ്പെട്ടു.ഹെൽമറ്റ് ധരിച്ചതിനാൽ ആളെ വ്യക്തമായില്ലെന്നു പെൺകുട്ടികൾ പൊലീസിനോടു പറഞ്ഞു. പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

മ്യൂസിയം പരിസരത്ത് പുലർച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയായ യുവതി കഴിഞ്ഞ മാസമാണ് അക്രമത്തിനിരയാത്.തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നെങ്കിലും ഏറെ നാളത്തെ അന്വേഷണത്തിനു ശേഷമാണ് അക്രമിയെ കണ്ടെത്താനായത്.വഞ്ചിയൂർ കോടതി ജംക്ഷനിലും യുവതിക്ക് നേരെ അതിക്രമം നടന്നിരുന്നു.സംഭവത്തിൽ അക്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.പലപ്പോഴും ഇത്തരം സംഭവങ്ങളിൽ നടപടിയെടുക്കാനുള്ള കാലതാമസമാണ് സമാനമായ കൃത്യങ്ങൾ വർദ്ദിക്കാൻ കാരണമെന്ന ആക്ഷേപമാണ് ഉയരുന്നത്.