തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച നിന്ന യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ പിടിയിൽ. എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരാണ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിലായത്. മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവിനെയാണ് പ്രതികൾ ആക്രമിച്ചത്.

സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടക്കേട് തോന്നിയായിരുന്നു ആക്രമണം. അഹമ്മദ് ഹാബിലിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുട‍ർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബി കെ അരുൺ, സബ് ഇൻസ്പെക്ടർ കെ സാലിം, പ്രൊബേഷൻ എസ് ഐ സി പി ജിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ, ഗോപേഷ്, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.