തിരുവല്ല: ലഹരി മൂത്തപ്പോൾ ബൈക്കിന് പെട്രോൾ അടിക്കാൻ ചെന്ന യുവാക്കൾ പമ്പിൽ വന്ന കാറുകാരെ അടിച്ചു. കാർ അടിച്ചു തകർത്തു. നഗരത്തെ നടുക്കി അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പ്പെടുത്തി. ഇതിനിടെ പൊലീസുകാരനെയും ഇവർ കൈയേറ്റം ചെയ്തു.

തിരുമൂലപുരം അനന്തു ഭവനിൽ അനന്തു ( 27 ) കോഴഞ്ചേരി കീഴയാറ പുത്തൻ പാറ വീട്ടിൽ പി. എസ് ജിഷ്ണു ( 28 ) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കുരിശു കവലയിലെ പെട്രോൾ പമ്പിന് സമീപം ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. പെട്രോൾ അടിക്കാനായി പമ്പിൽ എത്തിയ പ്രതികൾ ബൈക്ക് പെട്രോൾ അടിക്കുകയായിരുന്ന കാറിന് കുറുകെ വച്ചു. കാറിന് മുമ്പിൽ നിന്നും ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ട ഡ്രൈവറെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും കാറിന്റെ ഇടതുവശത്തെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.

പമ്പ് ജീവനക്കാരും വഴിയാത്രക്കാരും ചേർന്ന് തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരേ തിരിഞ്ഞു. സംഭവമറിഞ്ഞ് നഗരത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർ എത്തിയെങ്കിലും പ്രതികൾ പൊലീസുകാർക്ക് നേരെയും ആക്രമണത്തിന് മുതിർന്നു. തുടർന്ന് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസെത്തി പ്രതികളെ കീഴ്പെടുത്തുകയായിരുന്നു.