കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം. എയർഗൺ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവർ ഫഹദ് പറയുന്നു. ആക്രമണത്തിൽ ആംബുലൻസിന്റെ മുന്നിലെ ചില്ല് തകർന്നു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല.

മധ്യപ്രദേശിലെ ജബൽപൂർ- റീവ ദേശീയപാതയിലാണ് സംഭവം. കോഴിക്കോട്ടുവച്ച് ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ദേശീയ പാതയിൽ ഇടതുവശത്ത് നിന്നാണ് ആക്രമണം ഉണ്ടായതെന്ന് ഫഹദ് പറയുന്നു. ആളെ തിരിച്ചറിയാൻ സാധിച്ചില്ല. വിജനമായ സ്ഥലത്ത് വച്ചായിരുന്നു ആക്രമണമെന്നും ഫഹദ് പറയുന്നു.

ആംബുലൻസിൽ ഫഹദിനെ കൂടാതെ മറ്റൊരു മലയാളി കൂടി ഡ്രൈവറായി ഉണ്ട്. മൃതദേഹത്തിന്റെ കൂടെ മറ്റു രണ്ടു ബിഹാർ സ്വദേശികൾ കൂടി വാഹനത്തിലുണ്ട്.കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ആംബുലൻസ് പുറപ്പെട്ടത്.