- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണം കടത്തിയെന്ന് വിവരം; തിരുവനന്തപുരം സ്വദേശിയെ പിന്തുടർന്നെത്തിയ കസ്റ്റംസ് സംഘത്തിന് മർദനം; സൂപ്രണ്ടിനടക്കം തലയ്ക്ക് പരിക്ക്
തിരുവനന്തപുരം:ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കെത്തിയ വിമാനത്തിൽ ഒരു കിലോ സ്വർണം കടത്തിയെന്ന വിവരമറിഞ്ഞ് യുവാവിനെ പിന്തുടർന്ന കസ്റ്റംസ് സംഘത്തിന് മർദനം.യുവാവിന്റേയും സംഘത്തിന്റേയും മർദനമേറ്റ കസ്റ്റംസ് സൂപ്രണ്ടുൾപ്പെടെ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ 4.30ന് എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ വാമനപുരം നെല്ലനാട് കാരിക്കുഴി പുളിയറവിളാകം വീട്ടിൽ നാസറുദ്ദീന്റെ മകൻ അസീം സ്വർണം കടത്തുന്നു എന്ന വിവരമായിരുന്നു കസ്റ്റംസിന് ലഭിച്ചിരുന്നത്.
ഇയാൾ എയർപോർട്ടിലെത്തി എമിഗ്രേഷനും പരിശോധനയും പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷമായിരുന്നു വിവരം ലഭിച്ചത്.തുടർന്ന് വീട്ടിലേക്കു പോയ ഇയാളെ കസ്റ്റംസ് സംഘം പിന്തുടരുകയായിരുന്നു.പത്ത് മണിയോടെ ഇയാളുടെ വീട്ടിലെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ട് അസീം കടന്നുകളഞ്ഞു.അസീം മുങ്ങിയെന്ന് അറിഞ്ഞ് വീട് പരിശോധിക്കുകയായിരുന്ന സംഘത്തെ ഇയാളുടെ സുഹൃത്തുക്കളടങ്ങിയ സംഘമെത്തി മർദിക്കുകയായിരുന്നു.
ആക്രമണത്തിൽ കസ്റ്റംസ് സൂപ്രണ്ട് പി.കൃഷ്ണകുമാർ, ഡ്രൈവർ അരുൺ എന്നിവർക്കു തലയ്ക്കു പരുക്കേറ്റു.ഇതിന് ശേഷമെത്തിയ അസീമിനെയും അക്രമിസംഘത്തെയും കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് ടി.എസ്.ദിനേഷ്‌കുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞുവച്ചു.പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു.




