കായംകുളം:അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്ത്രീകളെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ.അയൽവാസികളായ മൂന്നു സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്നാംപ്രതി ഓച്ചിറ മേമന കല്ലൂർ മുക്കിന് കിഴക്കുവശം പുതുവൽ ഹൗസിൽ താമസിക്കുന്ന കൃഷ്ണപുരം പുതുവൽ ഹൗസിൽ സജിത്ത് (32), നാലാംപ്രതി കൃഷ്ണപുരം പുതുവൽ ഭാഗം ഉത്തമാലയം വീട്ടിൽ ഉല്ലാസ് ഉത്തമൻ (33) എന്നിവരാണു അറസ്റ്റിലായത്.ചൊവ്വാഴ്ച രാത്രി 8.30-നായിരുന്നു അക്രമം നടന്നത്.

ഓണക്കാലത്ത് വീടിനുസമീപം പടക്കംപൊട്ടിച്ചത് ചോദ്യംചെയ്തതിലും ഒന്നാംപ്രതിയായ ബിജുവിന്റെ വീട്ടിലെ മാവിൽനിന്നു മാങ്ങ പറിച്ചതിലെ വിരോധവുമാണ് ആക്രമണത്തിനു കാരണം.വൈരാഗ്യത്തെ തുടർന്ന് കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിനു സമീപം സഹോദരിമാരായ മിനി, സ്മിത എന്നിവരെയും അയൽവാസി നീതുവിനെയും ഇവർ വാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.ബിജു മറ്റു മൂന്നുപേരെയും കൂട്ടി മിനിയുടെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകയറി മിനിയെയും സഹോദരി സ്മിതയെയും അക്രമിക്കുകയായിരുന്നു.അക്രമം തടയാൻ എത്തിയതിനിടെയാണ് നീതുവിന് വെട്ടേറ്റത്.

ഡിവൈ.എസ്‌പി. അലക്‌സ് ബേബി, ഉദയകുമാർ, ശ്രീകുമാർ രാജേന്ദ്രൻ, ദീപക്, അരുൺ, ശ്രീനാഥ്, ഫിറോസ്,സനോജ്,ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റു ചെയ്തത്.രണ്ടാം പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.