- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബം; പ്രതികളെ സംരക്ഷിക്കാനെന്ന് വിമർശനം
കൊച്ചി: അട്ടപ്പാടി മധു കൊലക്കേസിൽ സ്പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ മധുവിന്റെ കുടുംബം രംഗത്ത്. അഡ്വ. കെ പി സതീശനെയാണ് സ്പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് മധുവിന്റെ അമ്മ മല്ലിയമ്മ ആരോപിച്ചു.
കഴിഞ്ഞദിവസമാണ് പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹർജി പ്രകാരം സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. ഒപ്പം അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി പി വി ജീവേഷിനെയും നിയമിച്ചു.കുടുംബമോ സമരസമിതിയോ അറിയാതെയുള്ള നിയമനം തടയണമെന്നാവശ്യപ്പെട്ട് നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കടഹർജി നൽകാനാണ് മധുവിന്റെ കുടുംബത്തിന്റെ തീരുമാനം.
അഡ്വ. പി വി ജീവേഷ്, രാജേഷ് എം മേനോൻ എന്നിവർ അടക്കമുള്ളവരെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു സർക്കാരിന് മുന്നിൽ അപേക്ഷ സമർപ്പിച്ചത്. ഇതിന് വിരുദ്ധമായി സർക്കാർ നിയമനം നടത്തിയത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും കുടുംബം ഉയർത്തുന്നു.
നിലവിൽ, കേസിൽ ശിക്ഷിക്കപ്പെട്ട 13 പ്രതികൾ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ശിക്ഷ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയരുന്നത്.




