പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച സീനിയർ അഭിഭാഷകൻ കെപി സതീശൻ സ്ഥാനം രാജിവച്ചു. സതീശൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. സതീശന്റെ നിയമനത്തിനെതിരെ മധുവിന്റെ അമ്മ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.

കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി സീനിയർ അഭിഭാഷകനായ അഡ്വ. കെപി സതീശനെയും അഡീഷനൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. പിവി ജീവേഷിനെയും സർക്കാർ നിയമിച്ചിരുന്നു. നിയമനത്തിനെതിരെ കഴിഞ്ഞ ദിവസം മധുവിന്റെ മാതാവ് മല്ലിയമ്മ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു സങ്കടഹർജി നൽകിയിരുന്നു. തങ്ങൾക്കു പൂർണ വിശ്വാസമുള്ള അഭിഭാഷകനെ നിയമിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. തങ്ങൾക്കു സ്വീകാര്യനല്ലാത്ത വ്യക്തിയെ സ്പെഷൽ പ്രോസിക്യൂട്ടറാക്കി എന്നാണു മല്ലിയമ്മയുടെ പരാതി.

ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരി 22ന് മോഷണക്കുറ്റം ആരോപിച്ചു പ്രതികൾ മർദിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. 13 പ്രതികൾക്ക് വിചാരണക്കോടതി 7 വർഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലുകൾ ഹൈക്കോടതിയിലുണ്ട്.