കണ്ണൂർ: കണ്ണൂരിലെ ഒരു ബാറിൽ ഉപഭോക്താക്കൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പഴയങ്ങാടിയിലെ പ്രതീക്ഷാ ബാറിനാണ് ഈ ക്രമക്കേടിന് 25,000 രൂപ പിഴ ചുമത്തിയത്. മദ്യപിച്ച് ഫിറ്റായവരെ ലക്ഷ്യമിട്ട് പിന്നീട് നൽകുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതാണ് പ്രധാനമായും കണ്ടെത്തിയ തട്ടിപ്പ് രീതി. സാധാരണയായി 60 മില്ലി മദ്യം നൽകേണ്ട സ്ഥാനത്ത്, 48 മില്ലിയുടെ അളവ് പാത്രങ്ങൾ ഉപയോഗിച്ചാണ് ബാർ അധികൃതർ ഉപഭോക്താക്കളെ വഞ്ചിച്ചത്. ഉപഭോക്താക്കൾ ലഹരിയിലായിക്കഴിഞ്ഞാൽ, അളവ് വ്യത്യാസം തിരിച്ചറിയാൻ പ്രയാസമാകുമെന്ന സാഹചര്യം മുതലെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.