കോഴിക്കോട്: നാദാപുരം-വടകര സംസ്ഥാന പാതയിലെ പുറമേരിയില്‍ പിക്കപ്പ് ലോറിയില്‍ ഓട്ടോ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബാബുവിനും കക്കംവെള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് പരിക്ക്.

സംസ്ഥാനപാതയില്‍ നിന്നും വീട്ടിലേക്ക് ഇരുമ്പ് പൈപ്പുകള്‍ കയറ്റിക്കൊണ്ടുപോകുന്നതിനിടെ, വീട്ടുവളപ്പില്‍ നിന്ന് മറ്റൊരു വാഹനം പുറത്തെത്തിക്കാന്‍ പിക്കപ്പ് ലോറി പിറകോട്ട് ഇറക്കുകയായിരുന്നു. ഇതിന് ഇടയില്‍ വന്ന ഓട്ടോ ലോറിയില്‍ കയറ്റിയിരുന്ന ഇരുമ്പ് കമ്പിയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ ആദ്യം നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും പിന്നീട് വടകരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ തലയ്ക്കാണ് പരിക്ക് കൂടുതല്‍ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പിക്കപ്പ് ലോറി അശ്രദ്ധമായി റോഡില്‍ ഇറക്കിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.