മല്ലപ്പള്ളി: സ്‌കൂളിലേക്ക് കൊണ്ടു പോവുകയും വരികയും ചെയ്യുന്ന വഴി ഏഴു വയസുകാരിയെ തുടർച്ചയായി ലൈംഗികമായി ഉപദ്രവിച്ച ഓട്ടോഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലൂപ്പാറ കുടമാൻകുളം മുടിമല പരിദാകേരിൽ അനിയൻ എന്ന് വിളിക്കുന്ന പി എം സാമുവലി (66) നെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ വീടിനു സമീപത്തു വച്ച് പിടികൂടിയത്.

ജൂണിൽ സ്‌കൂൾ തുറന്നതുമുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ കുട്ടിയെ ഇയാളുടെ ഓട്ടോയിലാണ് സ്‌കൂളിലേക്ക് കൊണ്ടുപോവുകയും തിരികെ വിളിച്ചുകൊണ്ടുവരികയും ചെയ്തിരുന്നത്. യാത്രയ്ക്കിടെയായിരുന്നു പ്രതി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. കുട്ടിയിൽ നിന്നും വിവരമറിഞ്ഞ മാതാവ് കീഴ്‌വായ്‌പ്പൂർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു. വനിതാ പൊലീസ് വീട്ടിലെത്തി മാതാവിന്റെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

വൈദ്യപരിശോധന നടത്തിയപ്പോൾ ഡോക്ടർക്ക് നൽകിയ മൊഴിയിൽ വ്യത്യാസം വന്നതിനാൽ വ്യക്തതയ്ക്കായി കൗൺസിലിങ് നൽകുകയും വീണ്ടും മൊഴിയെടുക്കുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി.

കല്ലൂപ്പാറ മുടിമലയിലെ വീടിന് സമീപത്തു നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഓട്ടോറിക്ഷയും രേഖകളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഇൻസ്പെക്ടർക്കൊപ്പം, എസ് ഐ ആദർശ്, എ എസ് ഐ അജു കെ അലി, എസ് സി പി ഓ അൻസിം, സി പി ഓമാരായ ജെയ്സൺ, വിജീഷ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.