ചേർത്തല: യാത്രക്കൂലി ചോദിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച മൂന്നംഗ സംഘത്തെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. നഗരസഭ 14-ാം വാർഡ് തോപ്പുവെളി സ്വദേശി നെബു (40), കോയിതുരുത്തുവെളി സ്വദേശി ശ്യാം (39), തണ്ണീർമുക്കം 20-ാം വാർഡ് പുനത്തിക്കരി സ്വദേശി ഷിബിൻ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്.

ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ചുപോയ ഓട്ടോ ഡ്രൈവറായ ജിപ്സൺ സാമവുലിനെ, ഓംകാരേശ്വരത്ത് റോഡരികിൽ വെച്ച് സംഘം ആക്രമിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവറെ പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജിപ്സൺ സാമുവൽ നൽകിയ വിവരങ്ങളെ തുടർന്നാണ് പോലീസ് സംഘം പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. ചേർത്തല സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു.