കോഴിക്കോട്: കോഴിക്കോട് മുക്കം അഗസ്ത്യമുഴിയിൽ ബസ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു. ബസിന് മുന്നിൽ വെച്ച് യാത്രക്കാരെ കയറ്റിയെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മണാശ്ശേരി സ്വദേശി ബാബുവിന് കഴുത്തിന് പരിക്കേറ്റു. ഇയാൾ ചികിത്സ തേടി. ഇന്ന് വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആലിൻചുവട്ടിൽ ഓട്ടോ ഓടിക്കുന്ന ബാബുവിൻ്റെ ഓട്ടോയിൽ നന്തിലത്ത് ഇലക്ട്രോണിക്സ് ഷോറൂമിന് മുന്നിൽ വെച്ച് രണ്ട് സ്ത്രീകൾ യാത്രക്കാരായി കയറിയിരുന്നു. ഇതിനിടെ, തൊട്ടുപിന്നാലെ വന്ന മുക്കം-ഓമശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന എം.കെ. ബസിലെ ജീവനക്കാർ ഓട്ടോ തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. മൂന്ന് പേർ ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് ബാബു മൊഴി നൽകി. പരിക്കേറ്റ ബാബുവിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.