കോഴിക്കോട്:കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപറേഷൻ ശുചിമുറി മാലിന്യ പ്ലാന്റ് നിർമ്മാണത്തിന് തുടക്കമിട്ട ആവിക്കലിൽ തൽക്കാലം നിർമ്മാണം വേണ്ടെന്ന് കോടതി.പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയിലും നടന്നുവന്നിരുന്ന ആവിക്കൽ തോട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനാണ് കോഴിക്കോട് മുൻസിഫ് കോടതിയുടെ ഉത്തരവ്.പ്രദേശവാസിയായ സക്കീർ ഹുസൈന്റെ ഹർജിയിലാണ് നിർമ്മാണം നിർത്തിവെയ്ക്കാനുള്ള ഉത്തരവ്.പ്ലാന്റ് നിർമ്മിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹർജിയിൽ സക്കീർ ഹുസൈൻ വാദിച്ചത്.

റവന്യൂ രേഖകൾ പ്രകാരം തോടായിരുന്ന ഭാഗം നികത്തിയാണ് പ്ലാന്റ് നിർമ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സക്കീർ ഹുസൈൻ കോഴിക്കോട് മുൻസിഫ് കോടതി രണ്ടിൽ ഹർജി നൽകിയത്.കോർപറേഷനെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി.ഹർജിയെ തുടർന്ന് റവന്യൂ രേഖകൾ വിശദമായി പരിശോധിച്ചത കോടതി കേസ് തീർപ്പാക്കുന്നത് വരെ നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിടുകയായിരുന്നു.

ഹർജിക്കാരനായി അഭിഭാഷകരായ മുനീർ അഹമ്മദും മുദസർ അഹമ്മദും ഹാജരായി.ആവിക്കൽ തോടിലും കോതിയിലുമായി രണ്ടിടത്താണ് ശുചിമുറി മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ കോർപറേഷൻ ഉദ്ദേശിക്കുന്നത്. എന്നാൽ ജനവാസ മേഖലകളായ രണ്ടിടത്തും പ്ലാന്റ് നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടുമായി നാട്ടുകാർ ദീർഘ നാളുകളായി സമരവുമായി മുന്നോട്ട് പോവുകയാണ്.