- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വായ്പാ തട്ടിപ്പ്; അയ്യന്‍കുന്ന് വനിതാ കോ - ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റിമാന്‍ഡില്‍
1.5 കോടി രൂപയോളം വായ്പ എടുത്ത് തട്ടിയെടുത്തു
കണ്ണൂര്‍: ഇരിട്ടി അങ്ങാടിക്കടവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയ്യന്‍കുന്ന് വനിതാ കോ - ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് 1.5 കോടി രൂപയോളം വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുകളില്‍ സൊസൈറ്റി സെക്രട്ടറി റിമാന്‍ഡില്‍. മുണ്ടയാംപറമ്പ് സ്വദേശി പി.കെ. ലീലയെയാണ് കരിക്കോട്ടക്കരി എസ്എച്ച്ഒ കെ.ജെ. വിനോയ് അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ ലീലയെ 20 വരെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്ക് അയച്ചു.
രണ്ടു പരാതികളിലാണ് ഇവര്‍ക്കെതിരെ നടപടി ഉണ്ടായത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ 50000 രൂപ സഹകരണ സംഘത്തില്‍ നിന്നും വായ്പ എടുത്തിട്ടുള്ളതായി ഒരു വ്യക്തി നല്‍കിയ പരാതിയിലും അംഗങ്ങള്‍ അറിയാതെ അര ലക്ഷം രൂപ വീതം വായ്പ നല്‍കിയതായി രേഖകളുണ്ടാക്കിയും നിക്ഷേപങ്ങളിലും മറ്റും തിരിമറി നടത്തിയും 1.5 കോടി രൂപയോളം തട്ടിയതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നല്‍കിയ പരാതിയിലുമാണ് കരിക്കോട്ടക്കരി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നത്.
ഈ കേസുകളില്‍ പി.കെ. ലീല നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കരിക്കോട്ടക്കരി സ്റ്റേഷനില്‍ ഇവര്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ് നടന്നത് . 9 മാസം മുന്‍പ് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്മമിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് ഭരണ ചുമതല നല്‍കിയിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം സെക്രട്ടറി പി.കെ. ലീലയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കമ്പിനിരത്ത് പ്രദേശത്തുള്ള നിരവധി പേരുടെ പേരുകളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി ക്രമക്കേട് നടത്തിയതായാണ് പരാതി ഇത്തരം അക്കൗണ്ട് ഉടമകളുടെ പേരില്‍ തന്നെ പരസ്പരം വായ്പ ജാമ്യവും കാണിച്ചെന്നും കണ്ടെത്തിയിരുന്നു. തട്ടിപ്പിനെ തുടര്‍ന്നു നിരവധി നിക്ഷേപകര്‍ക്കും പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.