തിരുവനന്തപുരം : ആറ്റുകാൽ മണക്കാട് മേടമുക്ക് സതീഷ് നിവാസിൽ അയ്യപ്പനാശാരിയെ(52) വെട്ടി കൊലപ്പെടുത്തിയ കേസിൽ 9 പ്രതികൾ കുറ്റക്കാരെന്ന് കോടതി. മതിയായ തെളിവില്ലാത്തത് കാരണം 7 പ്രതികളെ കോടതി വെറുതെ വിട്ടു. ആർ.എസ്.എസ് നഗർ സേവാപ്രമുഖ് ആയിരുന്ന രാജഗോപാൽ ആചാരിയുടെ ജേഷ്ഠനായിരുന്നു കൊല്ലപ്പെട്ട അയ്യപ്പനാചാരി.രാജഗോപാലിനും സംഭവത്തിൽ വച്ച് മാരകമായി പരിക്കേറ്റിരുന്നു.

തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹനാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. നിയമവിരൂദ്ധമായ സംഘം ചേരൽ, മാരകായുധത്തോടു കൂടിയുള്ള ലഹള, ഭവന കൈയേറ്റം, വീട്ടുപകരണങ്ങൾ നശിപ്പിക്കൽ, കൊലപാതക ശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. ശിക്ഷ ഡിസംബർ 18 ന് പറയും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ, അഡ്വ. അഖിലാ ലാൽ, അഡ്വ.ദേവികാ മധു എന്നിവർ ഹാജരായി.

കമലേശ്വരം ബലവാൻ നഗറിൽ ചെല്ല പെരുമാൾപിള്ള മകൻ കടച്ചിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ(45), മണക്കാട് കളിപ്പാൻകുളം കഞ്ഞിപ്പുരയിൽ താമസം സുബ്ബയാപിള്ള മകൻ ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ(41), സുനിയുടെ സഹോദരൻ അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ(45), കഞ്ഞിപ്പുര തോപ്പുവിളാകം വീട്ടിൽ ചന്ദ്രൻ മകൻ മനോജ്(38), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ കൃഷ്ണൻ കുട്ടി മകൻ ഉണ്ണി(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ നാരായണപിള്ള മകൻ ഗോവർദ്ധൻ എന്ന് വിളിക്കുന്ന സതീഷ് കുമാർ(43),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ശ്രീകണ്ഠൻ നായർ മകൻ പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്(41), കളിപ്പാംകുളം കഞ്ഞിപ്പുരയിൽ തോപ്പുവിളാകം വീട്ടിൽ ചന്ദ്രൻ മകൻ സന്തോഷ്(42),കളിപ്പാംകുളം കഞ്ഞിപ്പുരയിൽ ചന്ദ്രൻ മകൻ ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്(38), എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

19 പ്രതികളുണ്ടായിരുന്ന കേസ്സിൽ വിചാരണ ആരംഭിച്ചത് 19 വർഷങ്ങൾക്ക് ശേഷമാണ്.വിചാരണ തുടങ്ങും മുമ്പ് കേസിലെ കൂട്ടുപ്രതികളായ കളിപ്പാൻകുളം കഞ്ഞിപ്പുര നിവാസികളായ ശ്രീകണ്ഠൻ നായർ മകൻ സനോജ്, സുലോചനൻ നായർ മകൻ പ്രകാശ്, ചന്ദ്രൻ മകൻ സുരേഷ് എന്നിവർ മരണപ്പെട്ടു. 16 പ്രതികളാണ് വിചാരണ നേരിട്ടത്. ആറ്റുകാൽ കഞ്ഞിപ്പുര സ്വദേശികളായ മണിയൻ മകൻ പ്രദീപ്, ഉണ്ണിക്കൃഷ്ണൻ നായർ മകൻ ശ്യാംകുമാർ, സനു എന്ന് വിളിക്കുന്ന സനൽകുമാർ, കൊച്ചുമോൻ പ്രദീപ്, കളിപ്പാംകുളം കഞ്ഞിപ്പുരയിൽ മണിയൻ മകൻ രാജേഷ്,കളിപ്പാംകുളം മേടമുക്ക് കാർത്തിക നഗറിൽ ബാലൻ മകൻ ഇടതൻ ബിജു എന്ന് വിളിക്കുന്ന വിവേക്,ആറ്റുകാൽ എം.എസ്.കെ.നഗർ നിവാസിയും പേട്ട പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിളുമായ മുരുകൻ മകൻ ലാലു എന്ന് വിളിക്കുന്ന വിനോദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2004 ഓഗസ്റ്റ് 28 തിരുവോണ ദിവസമാണ് ആറ്റുകാൽ മേടമുക്ക് മുത്താരമ്മൻ കോവിലിന് സമീപം അയ്യപ്പനാശാരി കൊല്ലപ്പെടുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് അത്ത പൂക്കളത്തിന് പൂക്കടയിൽ നിന്ന് പൂക്കൾ എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മണക്കാട് സ്പാൻ ആശുപത്രിക്ക് സമീപം പൂക്കട നടത്തിയിരുന്ന പൂക്കട രാജേന്ദ്രൻ എന്നയാളിന്റെ കടയിൽ നിന്ന് കൊല്ലപ്പെട്ട അയ്യപ്പനാശാരിയുടെ മകൻ സതീഷും സുഹൃത്ത് കുതിരസനൽ എന്നു വിളിക്കുന്ന സനലും പൂക്കൾ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്തുകെണ്ട് രാജേന്ദ്രന്റെ സുഹൃത്ത് കേസിലെ ഒന്നാം പ്രതി കടച്ചൽ അനി എന്ന അനിയുടെ നേതൃത്വത്തിൽ 19 പേർ സംഘം ചേർന്ന് സതീഷിനെ ആക്രമിക്കുകയും,ആർ. എസ്. എസ് നേതാവ് രാജഗോപാൽ ആശാരിയുടെ വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും,രാജഗോപാൽ ആശാരിയേയും സഹോദരപുത്രന്മാരായ സതീഷ്,രാജേഷ് എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, ആക്രമണം തടയാൻ ശ്രമിച്ച രാജഗോപാൽ ആശാരിയുടെ സഹോദരൻ അയ്യപ്പനാശാരിയെ കുത്തി കൊലപ്പെടുത്തുകയും ചെയ്തു.

കേസിലെ നിർണ്ണായക ദൃക് സാക്ഷിയും സംഭവത്തിൽ പരിക്കേറ്റയാളുമായ രാജഗോപാൽ ആശാരിയും, ഭാര്യ സരസ്വതിയും വിചാരണക്ക് മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.മറ്റൊരു ദൃക്‌സാക്ഷിയായ രാജഗോപാൽ ആശാരിയുടെ മകളും സംഭവ സമയം 12 വയസ് പ്രായമുണ്ടായിരുന്ന പ്രിയയുടെ മൊഴിയാണ് കേസ്സിൽ നിർണ്ണായക തെളിവായത്. സംഭവത്തിൽ പരിക്കേറ്റ അയ്യപ്പനാശാരിയുടെ മകൻ സതീഷ്, രാജേഷ് എന്നിവർ കേസിലെ എല്ലാ പ്രതികളേയും അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ.

കടച്ചിൽ അനി എന്ന് വിളിക്കുന്ന അനിൽകുമാർ, ഉപ്പ് സുനി എന്ന് വിളിക്കുന്ന സുനിൽകുമാർ, അനിൽ എന്ന് വിളിക്കുന്ന അനിൽകുമാർ,മനോജ്, ഉണ്ണി,ഗോവർദ്ധൻ എന്ന് വിളിക്കുന്ന സതീഷ്‌കുമാർ, പ്രദീഷ് എന്ന് വിളിക്കുന്ന സന്തോഷ്, ചന്ദ്രൻ മകൻ സന്തോഷ്, ബീഡി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ്.